കൊല്ലം|
ശ്രീനു എസ്|
Last Updated:
ചൊവ്വ, 26 മെയ് 2020 (18:52 IST)
തന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ സൂരജ് പാമ്പുകളെകുറിച്ചുള്ള പഠനത്തിനായി യൂട്യൂബ് ഉപയോഗിച്ചത് ആറുമാസം. പിന്നീട് യൂട്യൂബ് വഴി പാമ്പുപിടുത്തക്കാരന്‍ കല്ലുവാതുക്കല്‍ സുരേഷിനെ പരിചയപ്പെടുകയും പാമ്പിനെ കൈകാര്യം ചെയ്യേണ്ട രീതികളെകുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്തു. എലിയെ പിടിക്കാനെന്ന് കള്ളം പറഞ്ഞ് ഇയാള്‍ക്ക് 10000രൂപ കൊടുത്ത് അണലിയെ വാങ്ങിക്കുകയായിരുന്നു. ഈ അണലിയെ കൊണ്ടാണ് സൂരജ് ആദ്യം ഉത്രയെ കടിപ്പിക്കുന്നത്.
എന്നാല്‍ ആദ്യം അണലിയുടെ വിഷത്തിന്റെ തീവ്രത അളക്കാന്‍ സൂരജ് ഒരു എലിയെയാണ് പരീക്ഷിച്ചത്. ഇത് വിജയകരമായതിനെ തുടര്‍ന്നാണ് ഉത്രയെ അണലിയെകൊണ്ട് കടിപ്പിച്ചത്. കടിയേറ്റ് അബോധാവസ്ഥയിലായ
ഉത്ര രക്ഷപ്പെടില്ലെന്ന ഉറപ്പിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ദിവസങ്ങളോളമുള്ള ചികിത്സയില്‍ ഉത്രയ്ക്ക് ജീവന്‍ തിരിച്ചുകിട്ടുകയായിരുന്നു. പരമാവധി പണം ഉത്രയുടെ വീട്ടുകാരില്‍ നിന്ന് തട്ടിയെടുത്ത് ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു സൂരജിന്റെ ലക്ഷ്യം.