രേണുക വേണു|
Last Modified വെള്ളി, 1 ഡിസംബര്‍ 2023 (09:47 IST)
കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛന്‍ റെജിയെ വീണ്ടും വിളിപ്പിച്ച് പൊലീസ്. റെജിയില്‍ നിന്ന് ചില കാര്യങ്ങള്‍ക്ക് കൂടി വ്യക്തത ലഭിക്കാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ റെജിയില്‍ നിന്ന് മൊഴിയെടുത്തെങ്കിലും ചില കാര്യങ്ങളില്‍ ദുരൂഹത ബാക്കിയാണ്. ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അത് കണ്ടെത്തട്ടെയെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും റെജി പ്രതികരിച്ചു.
നേരത്തെ പത്തനംതിട്ടയില്‍ റെജി താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്നു കൊണ്ടുപോയത് താന്‍ ഉപയോഗിച്ചിരുന്ന പഴയ ഫോണ്‍ ആണെന്നും കുട്ടികള്‍ ഉപയോഗിക്കാതിരിക്കാനാണ് ആ ഫോണ്‍ കൊല്ലം ഓയൂരിലെ വീട്ടില്‍ നിന്ന് മാറ്റിവച്ചതെന്നും റെജി വ്യക്തമാക്കി.
കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിനു ലഭിക്കും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടുപോകല്‍ സംഘം സഞ്ചരിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടക്കുന്നു.