സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഇരട്ട ചക്രവാതചുഴി, ഇടിമിന്നൽ
സംസ്ഥാനത്ത് ചക്രവാതചുഴിയുടെ സ്വാധീനത്താൽ ഇന്നും മഴയ്ക്ക് സാധ്യത. വൈകുന്നേരത്തോടെയാണ് മിക്കയിടങ്ങളിലും മഴ ആരംഭിക്കുക. ഇടിമിന്നലിനും സാധ്യതയുണ്ട്.
ചക്രവാതചുഴി
തെക്കുകിഴക്കൻ അറബിക്കടലിനും സമീപമുള്ള ലക്ഷദ്വീപിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ ഉയർന്ന ചക്രവാതചുഴി നിലനിൽക്കുന്നു. തെക്കൻ തമിഴ്നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ഒക്ടോബർ 19 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 40-50 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒക്ടോബർ 17,19 തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30-40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
മഴ മുന്നറിയിപ്പ്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ജാഗ്രത പാലിക്കുക
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
