ഖജനാവ് കാലി... കടത്തിനു മേലെ കടം... കേരളം സര്‍വ്വകാല പ്രതിസന്ധിയിലേക്ക്...!

തിരുവനന്തപുരം| VISHNU N L| Last Updated: ചൊവ്വ, 17 നവം‌ബര്‍ 2015 (17:46 IST)
ബാര്‍ കോഴ ആരോപണത്തേ തുടര്‍ന്ന് ധനമന്ത്രി സ്ഥാനം രാജിവച്ച കെ എം മാണി നാട്ടുകാര്‍ക്ക് വമ്പന്‍ ഇരുട്ടറി നല്‍കിയിരിക്കുന്നു. മാണി പടിയിറങ്ങിയതോടെ സംസ്ഥാന ഖജനാവില്‍ നയാപൊസയില്ല എന്ന് പറയേണ്ട അവസ്ഥയായതായി റിപ്പോര്‍ട്ടുകള്‍. ചുരുക്കി പറഞ്ഞാല്‍ കേരള ജനതക്കുതന്നെ മുട്ടൻ പണികൊടുത്ത് ഖജനാവ് പൂട്ടിയാണ് മാണി പടിയിറങ്ങിയത്.

സംസ്ഥാന സർക്കാറിന്റെ അവസാന വർഷമായതുകൊണ്ട് കൂടുതൽ ക്ഷേമപ്രവർത്തനങ്ങൾക്കായി ഫണ്ട് ചെലവഴിക്കേണ്ടി വരുന്നതിനാൽ കൂടുതൽ കടമെടുത്തില്ലെങ്കിൽ ട്രഷറിക്ക് താഴുവീഴുമെന്ന് ഉറപ്പാണ്. അതായത് കേരളം ഇന്ത്യയിലേറ്റവും വലിയ കടബാധ്യതയുള്ള സംസ്ഥാനമായി മാറാന്‍ ഇനി അധികം ദിവസങ്ങളില്ല എന്ന് സാരം.

ഇടതു സര്‍ക്കാര്‍ പടിയിറങ്ങുമ്പോള്‍ മൂവായിരം കോടിയോളം ഉണ്ടായിരുന്ന ട്രഷറി ഇന്ന് വട്ടപൂജ്യത്തിൽ എത്തിനിൽക്കയാണ്. മുണ്ടുമുറുക്കി ഉടുത്തും കടും‌പിടുത്തം പിടിച്ചും ഖജനാവിനെ കാത്തു പരിപാലിച്ച് മുന്‍ ധനമന്ത്രി ഡോ തോമസ് ഐസക്കിനെ ഇപ്പോള്‍ കണ്ടാല്‍ കാലില്‍ വീണ് നമസ്കരിക്കണം. അത്രത്തോളമുണ്ട് മാണിയുടെ ധനകാര്യ വൈഭവം...!

കേരളത്തിന്റെ മൊത്തം റവന്യൂ കമ്മി കാൽലക്ഷം കോടി കടക്കുമെന്ന് പുതിയ കണക്ക്. പൊതുകടം ഒന്നരലക്ഷം കോടിയും.ഇക്കൊല്ലം മാർച്ചിലത്തെുമ്പോൾ സംസ്ഥാനത്തിന്റെ പൊതുകടം 1,59,523 കോടിയിലെത്തും. 2001ൽ വെറും കാൽലക്ഷം കോടി മാത്രമുണ്ടായിരുന്ന പൊതുകടമാണ് 15 കൊല്ലംകൊണ്ട് ഒന്നരലക്ഷം കോടി രൂപ പിന്നിടുന്നത്. ഇതിന് പലിശ കൊടുക്കാനും തിരിച്ചടവിനുമായി വീണ്ടും കടംവാങ്ങിക്കൂട്ടിക്കൊണ്ടേയിരിക്കുന്നു.

അതായത് മാണി ഇത്രയും കാലം വകുപ്പുകൊണ്ട്നടന്നത് മാജിക്കുകാരന്‍ ഗിമ്മിക്കുകള്‍ കാട്ടിക്കൊണ്ടായിരുന്നു എന്ന് സാരം. കേരളത്തിന്റെ ഖജനാവിനെ ഇനി ദൈവം തമ്പുരാന്‍ നേരിട്ടിറങ്ങി വന്നാല്‍ മാത്രം രക്ഷപ്പെടുത്താം. ജനുവരി മുതലെങ്കിലും സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ശമ്പളപരിഷ്‌കരണവും വിരമിച്ചവർക്ക് പെൻഷൻ പരിഷ്‌കരണവും നൽകണം.

അതിനുവേണ്ട സാമ്പത്തികബാധ്യത ശമ്പളകമീഷൻ റിപ്പോർട്ട് പ്രകാരം 5277 കോടി രൂപ. 20,000 കോടിയുടെ പദ്ധതിയിൽ നവംബർ 15 വരെ ചെലവ് വെറും 597.77 കോടി. ഡിസംബർ മാസത്തെ ശമ്പളം മുതൽ ആറു ശതമാനം ഡി.എ വർധനക്ക് 83 കോടി. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ടത് 4043.02 കോടി. വാങ്ങിയ കടം തിരിച്ചടക്കാനും പലിശ നൽകാനും വേണ്ടത് 8000 കോടി.

എന്നാല്‍ നടുക്കടലില്‍ പെട്ട തോണിക്കാരന്റെ അവസ്ഥയിലാണ് ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍. ഈ പണമെല്ലാം എവിടെനിന്ന് കണ്ടെത്തുമെന്നറിയാതെ ദിക്കറിയാതെ വട്ടം ചുറ്റുകയാണ് ഉദ്യോഗസ്ഥര്‍. പത്തുകാശ് ചെലവിടേണ്ടിവന്നാൽ അപ്പോൾ കടപ്പത്രവുമായി ഇറങ്ങണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഓരോമാസവും ശമ്പ്ലം നല്‍കണമെങ്കില്‍ തന്നെ 1000 കോടിയെങ്കിലും കടമെടുക്കണം.

സാമ്പത്തികപ്രതിസന്ധി കേരളത്തിന് പുത്തരിയൊന്നുമല്ല. കേരളത്തിന്റെ ട്രഷറിക്ക് താഴുവീണ സംഭവങ്ങൾവരെയുണ്ടായിട്ടുണ്ട്. 96ലെ നായനാർ സർക്കാറിന്റെ അവസാന കാലത്ത് 10 രൂപയുടെ ചെക്കുപോലും ട്രഷറിയിൽനിന്ന് മാറിയില്ല. പിന്നീടുവന്ന ആന്റണി സർക്കാർ ധവളപത്രമിറക്കി അത് ആഘോഷിച്ചു. അതുവലിയ സംഭവമാക്കിയിരുന്നു അന്ന് മാണിയടക്കമുള്ളവർ. എന്നാൽ ഇന്നത്തെ ധനസ്ഥിതിയെക്കിറിച്ച് ആർക്കും മിണ്ടാട്ടമില്ല.


2011 മാർച്ചിൽ 3513.72 കോടി ട്രഷറിയിൽ മിച്ചമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മിച്ചമുള്ളത് കുറേ കടപത്രങ്ങളും കടവും കടത്തിന് മീതെ കടവും മാത്രം....! നികുതി പിരിവും ജീവനക്കാരുടെ ശമ്പളവും ട്രഷറി ഇടപാടുകളിലൂടെ നടത്തി ഖജനാവിനെ തോമസ് ഐസക്ക് കാത്തുരക്ഷിച്ചു. ട്രഷറി ഇടപാടുകൾക്കാണ് അദ്ദഹേം ഊന്നൽനൽകിയത്. ട്രഷറിനിക്ഷേപങ്ങൾ ആകർഷകമാക്കി. സർക്കാർവകുപ്പുകളുടെ പണം ട്രഷറിയിൽതന്നെ നിലനിന്നതോടെ സാമ്പത്തിക വർഷാവസാനംപോലും ഓവർ ഡ്രാഫ്റ്റിലേക്ക് പോയില്ല.

എന്നാല്‍ മാണി എത്തിയതൊറ്റെ എല്ലാം തകിടം മറിഞ്ഞു. ട്രഷറിയിൽ കിടന്ന പൊതുമേഖലാ സഥാപനങ്ങളുടെയും സർക്കാർസ്ഥാപനങ്ങളുടെയും അടക്കം പണം ബാങ്കുകളിലേക്ക് പോയി. കൂടുതൽ പലിശ ഉറപ്പാക്കി നിക്ഷേപിക്കാമെന്ന പേരിലായിരുന്നു ഇത്. രണ്ട് വര്‍ഷം കൊണ്ട് ട്രഷറിയില്‍ നിന്ന് പുറത്തേക്ക് പോയത് 5000 കോടി രൂപയായിരുന്നു.

ഇവിടെ തുടങ്ങി ഖജനാവിന്റെ ശനിദശ. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം 2014 ഒക്ടോബറിൽ മന്ത്രിസഭക്കുമുന്നിൽ വച്ച കുറിപ്പ് പ്രകാരം വരുമാനത്തിൽ 16,000 കോടിയോളം കുറവ് വന്നു. ഇതിനു കാരണം നികുതി പിരിവ് കാര്യക്ഷമമല്ലാതായതും ഇളവുകള്‍ വാരിക്കോരി നല്‍കിയതുമായിരുന്നു. ഞെരുക്കംമാറ്റാൻ അന്ന് 3000 കോടി രൂപയുടെ പുതിയ നികുതികൾ ജനത്തിനുമേൽ അടിച്ചേല്‍പ്പിക്കയാണ് മാണിചെയ്തത്.

അതിനു പുറമെ കുപ്രസിദ്ധമായ തന്റെ പതിനാലാം ബജറ്റ് വഴി 1200 കോടി രൂപയുടെ നികുതിവർധനകൂടി ഏർപ്പെടുത്തി. എന്നിട്ടും ശങ്കരന്‍ തെങ്ങില്‍ തന്നെ എന്നുപറഞ്ഞതുപോലെ ബജറ്റിലെ കണക്ക് ഖജനാവില്‍ തുട്ടുകളായെത്തിയില്ല. തോമസ് ഐസക്കിന്റെ കാലത്ത് കൊണ്ടുവന്ന സാമ്പത്തിക അച്ചടക്കം കളഞ്ഞുകുളിച്ചതാണ് ഇതിനു കാരണം.

മാണി രാജിവച്ചതിനെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയല്ലാതെ ഭരണപ്രതിസന്ധി കേരളം അധികം ചർച്ച ചെയ്തിട്ടില്ല. ഇനി അത് കാണാന്‍ പോകുന്നതേയുള്ളു. മാണി ഇറങ്ങിപ്പോയപ്പോൾ താറുമാറായിക്കിടക്കുന്ന ധനവകുപ്പിന് സർക്കാറിന്റെ അടുത്ത നാലരമാസവും ഒട്ടും സുഖകരമായിരിക്കില്ല. പോരാത്തതിന് അടുത്ത സര്‍ക്കാരിന് കിട്ടാന്‍ പോകുന്നത് എടുത്താല്‍ പൊങ്ങാത്ത കടബാധ്യതയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :