കൊച്ചി|
VISHNU N L|
Last Modified തിങ്കള്‍, 16 നവംബര്‍ 2015 (16:03 IST)
ബാർ ലൈസൻസ് ഫീസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് കോഴനല്‍കാനായി പണപ്പിരിവ് നടത്തിയിരുന്നതായി സമ്മതിക്കുന്ന ബാറുടമകളുടെ മൊഴി പുറത്ത്. ആറ് ബാറുടമകൾ വിജിലൻസിനു നൽകിയ മൊഴിയാണു പുറത്തായത്.
മന്ത്രിമാർക്കു കൈക്കൂലി കൊടുക്കുന്നതിനാണു പണപിരിവു നടത്തിയതെന്ന് ബാർ ഹോട്ടൽ അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി പി സതീഷ്,
തൃശൂര്‍ ജില്ലാസെക്രട്ടറി സി.ഡി.ജോഷി സംഘടനാ ഭാരവാഹികളായ എ ജയറാം, എം അനിൽ, എ കാർത്തികേയകുമാർ, എസ് ഷൈൻ എന്നിവര്‍ നല്‍കിയ മൊഴിയാണ് പുറത്തായത്.
മന്ത്രി കെ.ബാബുവിനെതിരെ നടന്ന അന്വേഷണത്തിനിടെയാണ് ബാറുടമകൾ വ്യാപകപണപ്പിരിവിനെ കുറിച്ച് അന്വേഷണസംഘത്തോടു സമ്മതിച്ചത്. 10 ലക്ഷം രൂപ പിരിച്ചെടുത്തു സംസ്ഥാന നേതാക്കൾക്കു കൈമാറിയതായി തൃശൂര്‍ ജില്ലാസെക്രട്ടറി സി.ഡി.ജോഷി വിജിലന്‍സിനോട് സമ്മതിച്ചിട്ടുണ്ട്.
മറ്റ് സംഘടനാ നേതാക്കളും കോഴനൽകാൻ പിരിവു നടന്നതായ ആരോപണം സാധൂകരിക്കുന്ന മൊഴിയാണ് വിജിലൻസിനു നൽകിയത്. ഇതോടെ മാണിക്ക് പിന്നാലെ മന്ത്രി ബാബുവും ബാര്‍ കോഴയില്‍ കുരുങ്ങുകയാണ്. ബാബുവിനെതിരായ അന്വേഷണം സര്‍ക്കാര്‍ അട്ടിമറിച്ചു എന്ന് ആരോപിക്കപ്പെടുന്നതിനിടെയാണ് മൊഴികള്‍ പുറത്തായത്.
മാണിക്കും ബാബുവിനും ഇരട്ട നീതി എന്ന രീതിയില്‍ കേരളാ കൊണ്‍ഗ്രസ് എമ്മും കൊണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്ത് വന്നിരുന്നു. അതേസമയം നിർണായകമൊഴികൾ വിജിലൻസ് അവഗണിച്ചെന്നും അന്വേഷണം അട്ടിമറിച്ചെന്നും ബിജു രമേശ് ആരോപിച്ചു.