ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് മാണി അഞ്ച് കോടി രൂപ വാങ്ങി: ബിജു

കെഎം മാണി , ബിജു രമേശ് , ബാര്‍ കോഴ , ബാര്‍ ഹോട്ടല്‍‌സ്
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (11:28 IST)
ബാര്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് രാജിവെച്ച മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ വീണ്ടും കോഴ ആരോപണവുമായി ബാര്‍ ഹോട്ടല്‍‌സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് രംഗത്ത്. ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് മാണി അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

സംസ്ഥാന ബജറ്റിന് മുമ്പായി ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് മാണി അഞ്ച് കോടി രൂപ കോഴ വാങ്ങുകയായിരുന്നു. തന്നോട് ചോദിച്ചപ്പോള്‍ നല്‍കിയില്ല. മറ്റു ഉടമകള്‍ പണം നല്‍കി. ഇവര്‍ പണം പിരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം അടങ്ങിയ സിഡി കൈവശമുണ്ട്. തങ്ങളെ ഉപദ്രവിക്കരുതെന്നു ഫ്ളാറ്റ് നിര്‍മാതാക്കള്‍ പറഞ്ഞതിനാല്‍ ഈ തെളിവ് പുറത്തുവിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, വിഷയത്തില്‍ നല്ല അന്വേഷണം നടന്നാല്‍ തെളിവുകള്‍ അട്ങ്ങിയ സിഡി കൈമാറാന്‍ തയാറാണെന്നും ബിജു രമേശ് ഏഷ്യാനെറ്റ് ന്യൂസിന്റെ പോയന്റ് ബ്ലാങ്കില്‍ വ്യക്തമാക്കി.

ബാര്‍ കോഴ ആരോപണത്തിന്റെ പേരില്‍ ധനമന്ത്രി സ്ഥാനം രാജിവച്ച മാണിക്കെതിരെയുള്ള ബിജു രമേശിന്റെ ഇപ്പോഴത്തെ ആരോപണവും രാഷ്ട്രീയ കേരളം ഏറ്റെടുത്തേക്കാം. ബാര്‍കോഴയില്‍ കുടുങ്ങിയ കേരള കോണ്‍ഗ്രസ്-എം പുതിയ ആരോപണത്തെ എങ്ങനെ പ്രതിരോധിക്കുമെന്ന് കണ്ടറിയേണ്ടതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :