നെല്‍വിന്‍ വില്‍സണ്‍|
Last Modified തിങ്കള്‍, 31 മെയ് 2021 (08:01 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പതിന് അവസാനിച്ചേക്കും. മേയ് എട്ടിനു ആരംഭിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും ഒരു മാസം പിന്നിടും. അതുകൊണ്ട് തന്നെ ഇനിയും ലോക്ക്ഡൗണ്‍ നീട്ടാന്‍ സര്‍ക്കാരും ആരോഗ്യവകുപ്പും തയ്യാറാകില്ല. ലോക്ക്ഡൗണ്‍ തുടര്‍ന്നാല്‍ ജനജീവിതം കൂടുതല്‍ ദുസഹമാകുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ജൂണ്‍ ഒന്‍പത് ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിലേക്ക് താഴ്ത്താമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. രോഗികളുടെ എണ്ണവും കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ ഇന്നലെ 19,894 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.97 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ ഇത് 30 ശതമാനത്തിനു അടുത്തായിരുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് രോഗനിയന്ത്രണം സാധ്യമായതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.
അതേസമയം, ജൂണ്‍ ഒന്‍പതിന് ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരും. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും ഒഴിവാക്കും. മദ്യവില്‍പ്പന ശാലകള്‍, ബാറുകള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ ഉടന്‍ തുറക്കില്ല. ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. പൊലീസ് പരിശോധന കര്‍ശനമായി തുടരും. ടര്‍ഫുകള്‍, മൈതാനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ആരാധനാലയങ്ങളിലും നിയന്ത്രണം തുടരും. ജൂണ്‍ മാസം മുഴുവനും ഇത്തരം നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.