കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടാന്‍ പ്രധാന കാരണം ഇതാണ്

രേണുക വേണു| Last Modified ബുധന്‍, 4 ഓഗസ്റ്റ് 2021 (14:08 IST)

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് പോസിറ്റീവ് കേസുകളില്‍ പകുതിയോളം ഇപ്പോള്‍ കേരളത്തില്‍ തന്നെയാണ്. കേരളത്തിലെ കോവിഡ് കര്‍വ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഒരേ രീതിയില്‍ തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനും പതിമൂന്നിനും ഇടയില്‍ തുടരുന്നു. എന്തുകൊണ്ട് കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല എന്ന ചോദ്യം പലര്‍ക്കുമുണ്ട്. കേരളത്തിലെ കോവിഡ് വ്യാപനത്തിനു പ്രധാന കാരണം എന്താണ്? നമുക്ക് പരിശോധിക്കാം.

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരാന്‍ പ്രധാന കാരണം ഹോം ക്വാറന്റൈന്‍ രീതിയാണ്. കേരളത്തില്‍ കോവിഡ് പോസിറ്റീവ് ആയവരില്‍ വലിയൊരു ശതമാനം ആളുകളും വീടുകളില്‍ തന്നെയാണ് കഴിയുന്നത്. കോവിഡ് ബാധിച്ചവരില്‍ രോഗലക്ഷണങ്ങള്‍ കുറവാണ്. വലിയൊരു ശതമാനം ആളുകള്‍ക്കും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. അതുകൊണ്ട് വീടുകളില്‍ തന്നെയാണ് കൂടുതല്‍ പേരും ഐസൊലേഷനില്‍ കഴിയുന്നത്.

കേരളത്തില്‍ ഇന്നലെ മാത്രം 23,676 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍, ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം 2,456 ആണ്. ഹോം ഐസൊലേഷന്‍ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കപ്പെടാത്തതിനാല്‍ വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ വീട്ടിലെ കൂടുതല്‍ പേര്‍ കോവിഡ് ബാധിതര്‍ ആകുന്നു. ഇതാണ് കേരളത്തില്‍ രോഗികളുടെ എണ്ണം ഉയരാനുള്ള കാരണമായി കേന്ദ്രസംഘവും വിലയിരുത്തുന്നത്.


ഹോം ഐസൊലേഷനാണ് രോഗവ്യാപനത്തിനു കാരണമെന്ന് കേന്ദ്രസംഘം

ബക്രീദ് ഇളവുകളോ മറ്റ് ലോക്ക്ഡൗണ്‍ ഇളവുകളോ അല്ല കേരളത്തില്‍ കോവിഡ് വ്യാപനത്തിനു കാരണമെന്ന് കേന്ദ്രസംഘം. സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനാണ് രോഗവ്യാപനത്തിനു കാരണമെന്ന് കേന്ദ്രസംഘം പറയുന്നു. ഹോം ഐസൊലേഷന്‍ രീതിയില്‍ വീഴ്ചയുണ്ടെന്നാണ് കേരളത്തിലെത്തിയ കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. ഒരാള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ ആ വീട്ടിലെ എല്ലാവരും രോഗബാധിതരാകുന്ന സാഹചര്യമാണ് കേരളത്തില്‍ ഉള്ളതെന്ന് കേന്ദ്രസംഘം പറയുന്നു. കേരളത്തിലെ രോഗവ്യാപനം നിരീക്ഷിക്കാനെത്തിയ കേന്ദ്ര സംഘം ആരോഗ്യമന്ത്രാലയത്തിന് പ്രാഥമിക റിപ്പോര്‍ട്ട് കൈമാറി.

കേരളത്തില്‍ കോവിഡ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാതിരുന്ന രോഗികള്‍ക്ക് വീടുകളിലാണ് ചികിത്സ നല്‍കിയിരുന്നത്. ഇത്തരം രോഗികളിലെ ഗാര്‍ഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്നമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളില്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങളൊന്നും കാര്യക്ഷമമായി നടന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഇതാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹോം ഐസൊലേഷനില്‍ കഴിയുന്നവരും വീടുകളിലുള്ളവരും തമ്മില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് കണ്ടെത്തല്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :