കേരള കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ഇലകള്‍ കൊഴിയുന്നു; രാജ്യസഭ മുന്‍ എംപി വക്കച്ചന്‍ മറ്റത്തിലും രാജി സമര്‍പ്പിച്ചു

കേരള കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ ഇലകള്‍ കൊഴിയുന്നു; രാജ്യസഭ മുന്‍ എംപി വക്കച്ചന്‍ മറ്റത്തിലും രാജി സമര്‍പ്പിച്ചു

കോട്ടയം| JOYS JOY| Last Modified ശനി, 5 മാര്‍ച്ച് 2016 (13:01 IST)
കേരള കോണ്‍ഗ്രസ് (എം)ല്‍ ഇത് ഇലപൊഴിയും കാലം. ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടതിനു തൊട്ടു പിന്നാലെ മുതിര്‍ന്ന അംഗങ്ങളും രാജിവെച്ചു. മുന്‍ എം പിയും
പാർട്ടി ജനറൽ സെക്രട്ടറിയും സ്റ്റീയറിങ് കമ്മിറ്റി അംഗവുമായ വക്കച്ചന്‍ മറ്റത്തില്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജോസ് കൊച്ചുപുര എന്നിവരാണ് പദവികള്‍ രാജിവെച്ചത്.

എന്നാല്‍, പാര്‍ട്ടിയില്‍ നിന്നുള്ള രാജി ഇവിടം കൊണ്ടൊന്നും തീരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താമസിയാതെ തന്നെ മുതിർന്ന നേതാവ് പി സി ജോസഫും രാജി വെക്കുമെന്നാണ് റിപ്പോര്‍ട്ട്. പാല, കാഞ്ഞിരപ്പള്ളി മേഖലയിൽ നിന്ന് കൂടുതൽ പേരും രാജിവെക്കുമെന്നാണ് റിപ്പോർട്ട്.

യുവജന വിഭാഗമായ യൂത്ത് ഫ്രണ്ടിലെയും വിദ്യാർഥി സംഘടനയായ കെ എസ് സിലെയും നേതാക്കൾ ഫ്രാൻസിസ് ജോർജിന് ഇന്ന് പിന്തുണ പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്. ശക്തി തെളിയിച്ച് കൂടുതൽ നിയമസഭ സീറ്റും എൽ ഡി എഫ് പ്രവേശവും ഉറപ്പാക്കുകയാണ് ഫ്രാൻസിസ് ജോർജ് വിഭാഗത്തിന്‍റെ ലക്ഷ്യം.

കോൺഗ്രസ്-കേരളാ കോൺഗ്രസ് എം സീറ്റ് വിഭജന ചർച്ച ഇന്ന് നടക്കാനിരിക്കെ കൂടുതൽ നേതാക്കൾ പാർട്ടി വിടുന്നത് മാണിക്ക് തിരിച്ചടിയാകും. ചെയര്‍മാന്‍ കെ എം മാണി, മന്ത്രി പി ജെ ജോസഫ്, സി എഫ് തോമസ് എം എൽ എ, ജോയി എബ്രഹാം എം പി എന്നിവര്‍ ആയിരിക്കും കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :