കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു, ഫ്രാന്‍സിസ് ജോര്‍ജ്ജും ആന്‍റണിരാജുവും കെ സി ജോസഫും പാര്‍ട്ടിവിട്ടു; മാണിയുടെ കുടുംബവാഴ്ചയ്ക്കെതിരായ തീരുമാനമെന്ന് ആന്‍റണി രാജു, മാണി കോഴവാങ്ങിയില്ല എന്ന് പറഞ്ഞിട്ടില്ല

Kerala Congress, Mani, Antony Raju, Joseph, Francis George, BAR, കേരള കോണ്‍ഗ്രസ്, മാണി, ആന്‍റണി രാജു, ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ്, ബാര്‍
തിരുവനന്തപുരം| Last Modified വ്യാഴം, 3 മാര്‍ച്ച് 2016 (17:15 IST)
കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു. ഉന്നതാധികാര സമിതി അംഗങ്ങളായ ഫ്രാന്‍സിസ് ജോര്‍ജ്ജും ആന്‍റണി രാജുവും കെ സി ജോസഫും രാജിവച്ചു. പി സി ജോസഫും രാജിവച്ചിട്ടുണ്ട്. കെ എം മാണിയുടെ കുടുംബവാഴ്ചയ്ക്കെതിരായ തീരുമാനമാണ് ഉണ്ടായതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആന്‍റണി രാജു വ്യക്തമാക്കി.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് (എം) മറിയെന്ന് ആന്‍റണി രാജു കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ നടക്കുന്നത് കുടുംബവാഴ്ചയാണ്. കഴിവില്ലാത്ത മകനുവേണ്ടി കഴിവും ആത്മാര്‍ത്ഥതയുമുള്ളവരെ ഒഴിവാക്കാനാണ് മാണി ശ്രമിക്കുന്നത്. ഫെബ്രുവരി രണ്ടിന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ജോസ് കെ മാണി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജോസ് കെ മാണി കേന്ദ്രമന്ത്രിയാകാന്‍ ശ്രമം നടത്തുമെന്നും അതോടെ കേരള കോണ്‍ഗ്രസിലെ ബാക്കിയുള്ളവരും കുഴപ്പത്തിലാകുമെന്നും ആന്‍റണി രാജു പറഞ്ഞു.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യം തകര്‍ത്ത മാണിയുമായി ഇനി സന്ധിചെയ്യാന്‍ കഴിയില്ല. മകന് അധികാരക്കൈമാറ്റം നടത്തി കുടുംബവാഴ്ചയ്ക്ക് വഴിയൊരുക്കുന്നു. മലയോര കര്‍ഷകരുടെ കാര്യത്തില്‍ മാണിയുടെയും ജോസ് കെ മാണിയുടെയും ആപത്കരമായ നീക്കങ്ങള്ഉമായി ഒത്തുപോകാനാവില്ല - ആന്‍റണിരാജു പറഞ്ഞു.

ജനാധിപത്യമര്യാദയില്ലാത്ത, രാഷ്ട്രീയപരമായി അടിസ്ഥാന തത്വം പോലുമില്ലാത്ത പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് (എം) മാറി. അഴിമതി രഹിതമായ കേരള കോണ്‍ഗ്രസ് ജെ പുനരുജ്ജീവിപ്പിക്കും. ഒമ്പതാം തീയതി യോഗം വിളിച്ച് ഭാവി തീരുമാനങ്ങള്‍ എടുക്കും. ഇടതുമുന്നണിയുമായി ഇപ്പോള്‍ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. കേരള കോണ്‍ഗ്രസില്‍ വിശ്വസിക്കുന്ന മലയോരജനതയുടെ വികാരത്തിന് എതിരായി നില്‍ക്കുന്നത് മാണിയും മകനുമാണ്. കര്‍ഷകവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ മാണിയും മകനുമാണ് അതിനെ എതിര്‍ത്തത് - ആന്‍റണി രാജു വ്യക്തമാക്കി.

കെ എം മാണി കോഴ വാങ്ങിയിട്ടില്ലെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് അനുസരിച്ച് നിയമപരമായി ബാര്‍ കോഴയില്‍ കേസെടുക്കാന്‍ കഴിയില്ല എന്നാണ് പറഞ്ഞിട്ടുള്ളത്. ഞങ്ങളുടെ പാര്‍ട്ടി ചെയര്‍മാന്‍ പറയുന്നതേ ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുമായിരുന്നുള്ളൂ. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ ചെറുക്കാനായി പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അങ്ങനെ ചെയ്തു. എന്നാല്‍ മാണി മന്ത്രിസഭയിലിരുന്നുകൊണ്ട് സുതാര്യമല്ലാത്ത പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി - ആന്‍റണി രാജു വിശദീകരിച്ചു.

നിയമസഭാ സീറ്റിനുവേണ്ടിയല്ല തങ്ങള്‍ പാര്‍ട്ടിവിടുന്നതെന്നും ആന്‍റണിരാജു പറഞ്ഞു. ഇപ്പോള്‍ രാജിവച്ച മൂന്നുപേര്‍ക്കും നിയമസഭാ സീറ്റ് യു ഡി എഫ് ഓഫര്‍ ചെയ്തിരുന്നതാണ്. അത് വേണ്ടെന്നുവച്ചിട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാനസികമായും ധാര്‍മ്മികമായും പി ജെ ജോസഫ് ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളുടെ ഈ തീരുമാനത്തിന് അദ്ദേഹത്തിന് എതിര്‍പ്പില്ല. അധികകാലം കെ എം മാണിയുമായി സന്ധിചെയ്തുപോകാന്‍ ആത്മാഭിമാനമുള്ള ആര്‍ക്കും കഴിയില്ല. ഫ്രാന്‍സിസ് ജോര്‍ജ്ജ് പുതിയ പാര്‍ട്ടിയുടെ ചെയര്‍മാനാകുമെന്നും ആന്‍റണി രാജു വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :