കാസര്‍കോട്: ബി ജെ പി പിന്തുണ ഇടതിനെന്ന് റിപ്പോര്‍ട്ട്

കാസര്‍കോട്| Last Updated: ബുധന്‍, 18 നവം‌ബര്‍ 2015 (13:27 IST)
കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ ഇത്തവണ ഇടതു മുന്നണിക്കും യുഡി.എഫിനും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തില്‍ ബി.ജെ.പി ഇടതുപക്ഷത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇത്തരമൊരു അപ്രതീക്ഷിത തീരുമാനം ജില്ലാ നേതൃയോഗമാണ് എടുത്തത്.

ഇതിനായി ഇവര്‍ സംസ്ഥാന നേതൃത്വത്തിന്‍റെ അനുമതി ആവശ്യപ്പെട്ടതായും അറിയുന്നു. വ്യാഴാഴ്ച നടക്കുന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇത്തരമൊരു തീരുമാനം ഉറപ്പിച്ചാല്‍ ഇടതും യു.ഡി.എഫും ഒരുപോലെ കുഴഞ്ഞും. ആകെയുള്ള 17 സീറ്റില്‍ നിലവില്‍ യു.ഡി.എഫിന് 8 എണ്ണവും എല്‍.ഡി.എഫിനു 7 എണ്ണവും ഉള്ളപ്പോള്‍ ബി.ജെ.പിക്ക് രണ്ട് സീറ്റുണ്ട്.

കുറഞ്ഞത് 9 സീറ്റെങ്കിലും ഉള്ളവര്‍ക്കായിരിക്കും കേവലഭൂരിപക്ഷം. യു.ഡി.എഫിലെ മുസ്ലീം ലീഗിനെ ഭരണത്തില്‍ നിന്ന് അകറ്റുക എന്ന തന്ത്രം മെനഞ്ഞാണു എല്‍.ഡി.എഫിനു പിന്തുണ നല്‍കാന്‍ ബി.ജെ.പി തയ്യാറായിരിക്കുന്നത് എന്നതാണു സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി ഇത്തരമൊരു തന്ത്രം ഒരുക്കുന്നത് എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് എല്‍.ഡി.എഫും യുഡി.എഫും ഒരുപോലെ മത്സരിക്കാന്‍ തെയ്യാറായിരിക്കുകയാണ്. അതേ സമയം ബി.ജെ.പി പിന്തുണയോടെ തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ അടുത്ത നിമിഷം തന്നെ രാജിവയ്ക്കും എന്നാണു ഇടതുപക്ഷം പറയുന്നത്. എന്തായാലും കാത്തിരുന്നു കാണാം എന്നാണു യു ഡി എഫിന്‍റെ പക്ഷം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :