ചാലക്കുടി|
aparna shaji|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2016 (11:10 IST)
കലാഭവൻ മണിയുടെ ദുരൂഹ മരണത്തിൽ മുഖ്യമന്ത്രി
പിണറായി വിജയൻ മൗനം വെടിയണമെന്നും എത്രയും വേഗം കേസിൽ ഇടപെടണമെന്നും സംവിധായകൻ വിനയൻ. ആക്‌ഷൻ കൗൺസിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക മാധ്യമ കൂട്ടായ്മയായ ‘മണികൂടാരത്തിന്റെ’ നേതൃത്വത്തിൽ രൂപീകരിച്ച പരിപാടി ചാലക്കുടിയാണ് നടന്നത്.
മണിയുടെ കാര്യത്തിൽ താരസംഘടനയായ 'അമ്മ' തുടക്കം മുതൽ തികച്ചും അവഗണനയാണ് കാണിച്ചിരിക്കുന്നത്. പൊലീസ് അന്വേഷണം പാതിവഴിയിൽ മുട്ടിയപ്പോൾ പോലും സംഭവത്തിൽ ഇടപെടാൻ സംഘടന തയ്യാറായില്ലെന്നും
വിനയൻ ആരോപിച്ചു. കറുത്ത വർഗക്കാരോടു മലയാള സിനിമ എപ്പോഴും കാണിച്ചിരുന്ന അവഗണന, മണിയോടും കാണിച്ചു. മരണത്തിലെ അസ്വഭാവികത നീക്കാൻ സാധിക്കാത്തത് മണിയോടു സിനിമാരംഗം കാണിക്കുന്ന അവഗണനയുടെ ബാക്കി പാത്രമാണ് എന്നും വിനയൻ ആരോപിച്ചു.
മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു തെളിഞ്ഞ സാഹചര്യത്തിലാണു കേസ് സിബിഐക്കു വിട്ടത്. എന്നാൽ കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല എന്നാണ് അറിയുന്നത്. കേരള പൊലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് വിനയൻ ആവശ്യപ്പെട്ടത്.
(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)