അമ്മയുടെയും ഫെഫ്‌കയുടെയും കടമ എന്താണ് ?; റസാഖിന്റെ മരണത്തേക്കാള്‍ പ്രാധാന്യം നല്‍കിയത് താരനിശയ്‌ക്കായിരുന്നുവെന്ന് വിനയന്‍

റസാഖിന്റെ മരണത്തില്‍ താരസംഘടനയ്‌ക്കെതിരെ വിനയന്‍

 ta rasaq , vinayan , malayalam filim , facebook , mohanlal , Amma , filim , മലയാള സിനിമ , താരസംഘടന , വിനയന്‍ , ടി എ റസാഖ് , മരണ വിവരം , ഫേസ്‌ബുക്ക് , താരനിശ
കൊച്ചി| jibin| Last Modified ചൊവ്വ, 16 ഓഗസ്റ്റ് 2016 (17:24 IST)
നടത്തുന്നതിനായി തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മരണവിവരം മറച്ചുവച്ചെന്ന സംവിധായകന്‍ അലി അക്‌ബറുടെ പ്രസ്‌താവനയെ അനുകൂലിച്ച് വിനയന്‍ രംഗത്ത്. റസാഖിന്റെ മരണത്തേക്കാള്‍ വലുത് ഷോ ആയിരുന്നു. പ്രമുഖ ദൃശ്യമാധ്യമ ചാനലുകള്‍ റസാഖിന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം തമസ്കരിച്ചു എന്നും വിനയന്‍ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കുന്നു.

വിനയന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

സഹപ്രവര്‍ത്തകനായ ഒരു പ്രിയ കലാകാരന് അന്ത്യ യാത്രാമൊഴി നല്‍കുന്നതും, ആദരവു നല്‍കുന്നതുമൊക്കെ എങ്ങനെ വേണമെന്ന് പ്രഗത്ഭരും ബുദ്ധിമാന്മാരുമായ നമ്മുടെ സിനിമാപ്രവര്‍ത്തകരോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പക്ഷേ ടി. എ. റസാഖ് എന്ന ചലചിത്രകാരന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം തമസ്കരിക്കപ്പെടുകയും, ശവശരീരം വഹിച്ച വാഹനം റോഡില്‍ പിടിച്ചിട്ട് താമസിപ്പിക്കുകയും ചെയ്തത് കോഴിക്കോട്ടു നടന്ന താരമാമാങ്കം തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ സാംസ്കാരിക കേരളമേ നീ ലജ്ജിച്ചു തലതാഴ്ത്തൂ ഈ വിവരദോഷികളുടെ മുന്നില്‍ എന്നു പറയാനാണ് തോന്നിയത്.

ടി. എ. റസാഖിനെ പോലുള്ളവര്‍ക്ക് ചികിത്സാ സഹായം ചെയ്യാന്‍ വേണ്ടി നടത്തിയ കലാപരിപാടി ആയതുകൊണ്ടാണ് ശവശരീരം വഴിയിലിട്ടിട്ടാണെങ്കിലും ഞങ്ങള്‍ അതാഘോഷിച്ചത് എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്ന ന്യായം. എന്താണിതിന് മറുപടി പറയേണ്ടത്? പണവും താരഷോയും ആണൊ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാള്‍ വലുത്?

കോഴിക്കോട്ടെ സഹൃദയരായ ജനങ്ങള്‍ ടിക്കറ്റെടുത്ത് പരിപാടി കാണാന്‍ വന്നതിനു ശേഷം ഇന്നീ പരിപാടി നടക്കില്ല കാരണം നമ്മുടെ ടി. എ. റസാഖ് ഇപ്പോള്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന് ആ ജനസഞ്ചയത്തോട് പറഞ്ഞാല്‍ അവര്‍ പ്രശ്നമുണ്ടാക്കുമെന്നാണൊ - ഇതിന്റെ സംഘാടകര്‍ പറയുന്നത്. അതോ അവര്‍ കൊടുത്ത ടിക്കറ്റിന്റെ പൈസ തിരിച്ചു ചോദിക്കുമെന്നോ?

അതുമല്ലെങ്കില്‍ ചാനലുകാരുമായി പറഞ്ഞുറപ്പിച്ച തുക നഷ്ടമാകുമെന്നോ? അതൊക്കെ പരിഹരിക്കാന്‍ പറ്റുന്ന വല്യ വല്യ താരങ്ങളും സംവിധായകരും ഒക്കെ അല്ലെ നിങ്ങള്‍? വേറൊരു ദിവസത്തേക്ക് ഈ പ്രോഗ്രാം മാറ്റിവെച്ചാലുണ്ടാകുന്ന അസൗകര്യങ്ങള്‍ ടി. എ. റസാഖിനെ പോലെ മനുഷ്യസ്നേഹിയായ ഒരു സുഹൃത്തിനു വേണ്ടി നിങ്ങള്‍ സഹിക്കാന്‍ ബാദ്ധ്യസ്ഥരല്ലേ? അതല്ലെ അമ്മയുടെയും ഫെഫ്കയുടെയും ഒക്കെ കടമ.

ഇവിടെയാണ് സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞതിന്റെ പ്രസക്തി - നിങ്ങള്‍ക്ക് ടി. എ. റസാഖിന്റെ മരണത്തേക്കാള്‍ വലുത് നിങ്ങളുടെ ഷോ ആയിരുന്നു.സ്വയം ഷോമാന്മാരാകാനും ജനത്തിന്റെ ആദരവ് ചോദിച്ചു വാങ്ങി സ്വയം ആഘോഷിക്കാനുമുള്ള നിങ്ങടെ തീരുമാനം ആരു മരിച്ചാലും നിങ്ങള്‍ മാറ്റില്ല. അതിനെന്തു ന്യായവും നിങ്ങള്‍ പറയും. കുറെ പണം കൊടുത്താല്‍ അത് ഏത് ആദരവിനെക്കാട്ടിലും വലുതാണെന്നു പറയുന്ന നിങളോട് തര്‍ക്കിച്ചിട്ടു കാര്യമില്ല.

ഗിരീഷ് പുത്തഞ്ചേരിയെ സഹായിക്കാനായി ഇതുപോലെ പരിപാടി നടത്തി സമാഹരിച്ച തുകയില്‍ 25 ലക്ഷത്തോളം രൂപ പുത്തഞ്ചേരിയുടെ കുടുംബത്തിനു കോടുക്കാതെ വെച്ചിരിക്കുന്നു എന്ന് അതിന്റെ കമ്മിറ്റിയില്‍ തന്നെ അംഗമായ ശ്രീ അലി അക്ബര്‍ പറയുന്നു. തത്കാലം ആ തുക ടി. എ. റസാഖിന്റെ ചികിത്സക്കായി ചിലവാക്കാന്‍ പാടില്ലായിരുന്നോ? കോഴിക്കോട്ടെ കലാസ്നേഹികളായ നല്ല മനുഷ്യരുടെ കയ്യില്‍ നിന്നും പലതിനും ഇതുപോലെ സാമ്പത്തിക സമാഹരണം നടത്തുന്ന കോഴിക്കോട്ടെ ചലചിത്രപ്രവര്‍ത്തകരും സംഘാടകരുമൊക്കെ ഇത്തരം ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം പറയണം. നമ്മുടെ പ്രമുഖ ദൃശ്യമാധ്യമ ചാനലുകള്‍ ശ്രീ ടി. എ. റസാഖിന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം തമസ്കരിച്ചു എന്നത് ഇതിനെക്കാളൊക്കെ എന്നെ ഞെട്ടിച്ചു.

വക്കീലന്മാര്‍ ഉള്‍പ്പെടെ പലരും പല ആരോപണങ്ങളും പറയുമ്പോഴും, സത്യസന്ധമായും, കൃത്യമായും വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാന്‍ അക്ഷീണം ശ്രമിക്കുന്ന മാധ്യമങ്ങളെ കണ്ണടച്ചു പിന്തുണച്ചവനാണു ഞാന്‍. മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ എതിരെയുള്ള വാര്‍ത്തകള്‍ കൊടുക്കാം അവരെ വിമര്‍ശിക്കാം പക്ഷെ താരപ്രമുഖരുടെയും അവരുടെ സംഘടനയുടെയും സഹായം ഞങ്ങളുടെ ചാനലുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമായതിനാല്‍ അവരെ വിട്ടുള്ള കളി ഞങ്ങള്‍ക്ക് ഇല്ലാ എന്ന് ചില ചാനല്‍ മേധാവികള്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.

അതു ഞാന്‍ മറക്കുന്നില്ല. എങ്കിലും ഇതുപോലെ ഉള്ള ഒരു കലാകാരന്റെ വിടവാങ്ങല്‍ വാര്‍ത്ത ഏതു വമ്പന്മാര്‍ പറഞ്ഞിട്ടാണെങ്കിലും കുറേ നേരത്തേക്കു തമസ്കരിക്കപ്പെട്ടു എങ്കില്‍ അതു മാധ്യമധര്‍മ്മമല്ല. ഏതു വാര്‍ത്തയും ചികഞ്ഞെടുക്കുന്നവര്‍ ഇതറിഞ്ഞില്ല എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. നിങ്ങള്‍ പറയുന്നത് വാദത്തിനു സമ്മതിച്ചാല്‍ പോലും രാത്രി 11 മണിക്ക് റസാഖിന്റെ മൃതദേഹം കോഴിക്കോടെത്തണമെങ്കില്‍ വൈകിട്ട് 6 മണിക്കെങ്കിലും എറണാക്കുളത്തൂന്ന് പുറപ്പെടണം. അങ്ങനെയാണെങ്കില്‍ കൂടി 4 മണിക്ക് മരണം സംഭവിച്ചിരിക്കണം. പക്ഷേ ചാനലുകളില്‍ സ്ക്രോളിംഗ് വന്നതു തന്നെ രാത്രി 10 മണിക്കാണ്. മാത്രമല്ല അലി അക്ബര്‍ പറയുന്നു. ഇന്നു വൈകുന്നേരം വരെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചുകൂടെ, ധാരാളം സുഹൃത്തുക്കള്‍ അറിഞ്ഞു വരാനുണ്ട് എന്നു ചോദിച്ചപ്പോള്‍ 24 മണിക്കൂറില്‍ കൂടുതല്‍ മൃതദേഹം വെക്കാന്‍ പാടില്ല എന്നാണത്രെ ഉത്തരം കിട്ടിയത്. അതിനര്‍ത്ഥം പതിഞ്ചാം തീയതി ഉച്ചയോടു കൂടി പ്രിയ റസാഖ് അന്തരിച്ചു എന്നാണ്.

എന്തിനാണ് ആദരണീയനായ ഒരു സുഹൃത്തിന്റെ മൃതദേഹം വെച്ച് ഇങ്ങനെയൊരു പ്ലേ നടത്തിയത്. ഇന്നലത്തെ ആ ഷോ നടത്തിയില്ലായിരുന്നെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ? ആ ഷോ ഇല്ലാതെ തന്നെ കുറച്ചു പണം പിരിച്ചു കൊടുക്കാന്‍ കഴിവില്ലാത്തവരാണോ ഈ സിനിമാപ്രമാണിമാര്‍. ഇതു തമസ്കരിച്ച മാധ്യമസുഹൃത്തുക്കള്‍ക്ക് എന്താണ്` പറയാനുള്ള മറുപടി. മനസ്സിന് തോന്നിയ പ്രയാസം കൊണ്ട് ഇത്രയും പ്രതികരിച്ചതിന്റെ പേരില്‍ ഇനിയിപ്പൊ ഫാന്‍സുകാരെ ഇറക്കി സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ തെറിയഭിഷേകം നടത്തിയേക്കാം ഞാനതു കാര്യമാക്കുന്നില്ല. പറയാനുള്ളതു പറഞ്ഞു എന്നുള്ളതിലാണ് എന്റെ സംതൃപ്തി.

പ്രിയ റസാഖ്, ആരോഗ്യപരമായ കാരണങ്ങളാല്‍ ദൂരയാത്ര ചെയ്യാന്‍ പറ്റാത്ത അവസഥയായതിനാല്‍ കൊണ്ടോട്ടിയില്‍ വന്നു കാണാന്‍ കഴിഞ്ഞില്ല. ഇന്നലെ വിവരമറിഞ്ഞപ്പോള്‍ തന്നെ അമൃതാ ഹോസ്പിറ്റലില്‍ വന്ന് അവസാനമായി ഒന്ന് കാണാമെന്ന് കരുതി. പക്ഷേ താങ്കളെ അവിടുന്ന് കോഴിക്കോട്ടു കോണ്ടുപോയി മണീക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് ചാനലുകളില്‍ വാര്‍ത്ത വന്നത് എന്നതുകൊണ്ടു തന്നെ അതും തരമായില്ല. മണ്ണിന്റെയും മനുഷ്യന്റെയും കഥ പറഞ്ഞ താങ്കള്‍ പണത്തിനെക്കാള്‍ കൂടുതല്‍ മാനവികതയ്ക്ക് വില കല്‍പ്പിച്ചിരുന്നു എന്നെനിക്കറിയാം. താങ്കളെ പോലൊരു കലാകാരന് തന്റെ അന്ത്യയാത്രയില്‍ ഇതുപോലൊരു യാത്രയയപ്പല്ലായിരുന്നു കിട്ടേണ്ടിയിരുന്നത്. മനസ്സുകൊണ്ടു മാപ്പു ചോദിക്കുന്നു.. ബാഷ്പാഞ്ജലികള്‍.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :