എ കെ ജെ അയ്യര്‍|
Last Updated:
ഞായര്‍, 10 സെപ്‌റ്റംബര്‍ 2023 (12:41 IST)
മലപ്പുറം: ഉല്ലാസയാത്രയ്ക്കിടെ ജില്ലാ കളക്ടർക്ക് പണി കൊടുത്ത് "കബാലി" കൊമ്പൻ വിലസി. കെ.എസ്.ആർ.ടി.സി മലക്കപ്പാറ ഉല്ലാസ യാത്ര കഴിഞ്ഞു വരുന്ന വഴിയിലാണ് മലപ്പുറം ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാറിനെയും സംഘത്തെയും വഴിയിൽ വച്ച് കബാലി കൊമ്പൻ തടഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
കലക്ടറേറ്റ് ജീവനക്കാരുടെ റിക്രിയേഷൻ ക്ലബ്ബിന്റെ സഹകരണത്തോടെയാണ് രണ്ടു ബസുകളിലായി ഉദ്യോഗസ്ഥ സംഘം മലക്കപ്പാറയിലേക്ക് പോയത്. ഇവയ്ക്ക് വാഴച്ചാലിൽ നിന്ന് ഓരോ വനം വകുപ്പ് ഉദ്യോഗസ്ഥരും ബസുകളിൽ കയറിയിരുന്നു. എന്നാൽ മലക്കപ്പാറയിൽ നിന്ന് തിരിച്ചു വരുമ്പോഴാണ് കളക്ടർ യാത്ര ചെയ്ത ബസിനെ ആന തടഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കാട്ടാന കബാലി ആണെന്ന് തിരിച്ചറിഞ്ഞത്.
ആന ബസിനു നേരെ ആദ്യം പാഞ്ഞടുത്തെങ്കിലും ബസ് ഓഫാക്കാതെ നിർത്തിയിട്ടിരുന്നു. എന്നാൽ ആരും ബഹളം ഉണ്ടാക്കരുതെന്നും മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്നും മറ്റുമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശം അനുസരിച്ചു. പ്രകോപനം ഉണ്ടാകാത്തതിനാൽ ആന ആക്രമിക്കാൻ പിന്നീട്ടി ശ്രമിച്ചില്ല. എങ്കിലും റോഡിനു കുറുകെ നിന്ന് മുക്കാൽ മണിക്കൂറോളം തടസം സൃഷ്ടിച്ചു.
സാധാരണ കബാലി ഇത്തരം പ്രവർത്തികൾ ചെയ്യാറുണ്ടെന്നും അവർ അറിയിച്ചു. ആ സമയം അവിടെ മൊബൈൽ ഫോൺ റേഞ്ചും ഇല്ലായിരുന്നു. ഇതാണ് വിവരം പുറത്തറിയാൻ വൈകിയത്. പിന്നീട് കളക്ടർ ഡി.എഫ്.ഓ യെ വിളിച്ചു വിവരം അറിയിച്ചതോടെ കൂടുതൽ വനം ഉദ്യോഗസ്ഥരെത്തി ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ ആന പിന്മാറി.