കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ തയ്യാര്‍: കെ.സുധാകരന്‍

പാര്‍ട്ടിക്ക് ഹാനികരമാവുന്ന ഒന്നിനും താന്‍ നില്‍ക്കില്ല. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്

രേണുക വേണു| Last Modified ശനി, 24 ജൂണ്‍ 2023 (11:13 IST)

ആവശ്യമെങ്കില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നില്‍ക്കുമെന്ന് കെ.സുധാകരന്‍. മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സുധാകര്‍ ഇക്കാര്യം പറഞ്ഞത്. കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. ഇന്നലെ ആറര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ക്രൈം ബ്രാഞ്ച് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

പാര്‍ട്ടിക്ക് ഹാനികരമാവുന്ന ഒന്നിനും താന്‍ നില്‍ക്കില്ല. കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. നൂറ് ശതമാനം നിരപരാധിയാണെന്ന് പൂര്‍ണ വിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഒരു മടിയുമില്ല. ആവശ്യമെങ്കില്‍ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്നും സുധാകരന്‍ പറഞ്ഞു.

' കേസ് നടക്കട്ടെ. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പൊലീസിന്റെ പക്കല്‍ ഒരു തെളിവും ഇല്ല. എവിടെയും ഒളിക്കില്ല. എന്നെ ശിക്ഷിക്കാനുള്ള ഒരു തെളിവും പൊലീസിന്റെ കൈവശമില്ല,' ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സുധാകരന്‍ പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :