Kerala Weather: പെരുമഴ കൊണ്ട് കേരളം; എട്ടിടത്ത് ഓറഞ്ച് അലർട്ട്
മധ്യ-കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു
Kerala Weather
Kerala Weather: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. കാലവർഷം കേരളത്തിൽ സജീവമായിരിക്കുകയാണ്.
മധ്യ-കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മഹാരാഷ്ട്രയിലെ മറാത്ത്വാഡ മുതൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ വരെ, കൊങ്കൺ-ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാത്തി (Trough) രൂപപ്പെട്ടിരിക്കുന്നു. തെക്കൻ തെലങ്കാനയ്ക്കും അതിനോട് ചേർന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.
ജൂൺ എട്ട് വരെ സംസ്ഥാനത്ത് ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ള ഓറഞ്ച് അലർട്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലർട്ട്.