സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 14 നവംബര്‍ 2022 (16:59 IST)
സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ജോയി മാത്യു. സര്‍വകലാശാല വിഷയവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാരിനെതിരെ ജോയ് മാത്യു രംഗത്തെത്തിയത്. എംഎന്‍ കാരശേരി ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ പറഞ്ഞകാര്യം ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
'ജോണ്‍ മത്തായി ആയിരുന്നു കേരള സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സിലര്‍ (സ്വതന്ത്ര ഇന്ത്യയുടെ ആദ്യ റെയില്‍വേ മന്ത്രി, പിന്നീട് കേന്ദ്ര ധനമന്ത്രി).
ഒരിക്കല്‍ മുഖ്യമന്ത്രി ഇഎംഎസിന്റെ പ്രൈവറ്റ് സെക്രട്ടറി, വൈസ് ചാന്‍സിലര്‍ ജോണ്‍ മത്തായിയുടെ സെക്രട്ടറിയെ വിളിച്ചു.
'എപ്പോഴാണ് വി.സിക്ക് സൗകര്യം ഉണ്ടാവുക? മുഖ്യമന്ത്രിക്ക് ഒന്ന് നേരില്‍ കാണാനാണ്'.
വിവരമറിഞ്ഞ ഉടന്‍ വൈസ് ചാന്‍സിലര്‍ തിരികെ വിളിച്ചു: 'ഞാന്‍ എപ്പോഴാണ് സാര്‍ അങ്ങോട്ട് വരേണ്ടത്?'
ഇഎംഎസ് പറഞ്ഞു: 'വിസി മുഖ്യമന്ത്രിയെ അങ്ങോട്ട് പോയി കാണുന്നത് ശരിയല്ല. താങ്കള്‍ക്ക് ഒഴിവുള്ള സമയം പറഞാല്‍ ഞാന്‍ സര്‍വകലാശാലയിലേക്ക് വന്നുകൊള്ളാം. '
അങ്ങനെ മുഖ്യമന്ത്രി ഇഎംഎസ് കേരള സര്‍വകലാശാലയുടെ വിസിയെ അങ്ങോട്ടുപോയി കണ്ടു.
ഇത്ര മാന്യതയിലാണ് നമ്മള്‍ സര്‍വകലാശാലകള്‍ തുടങ്ങിയത്.
കാലിക്കറ്റ് സര്‍വകലാശാലയുടെ ആദ്യ വി.സി മുഹമ്മദ് ഗനി എന്ന തമിഴ്‌നാട്ടുകാരന്‍ ആയിരുന്നു.
പരമ യോഗ്യന്‍, മാന്യന്‍. ചട്ടം വിട്ട് ഒന്നും ചെയ്യാത്ത വ്യക്തി.
വെള്ളിയാഴ്ച അദ്ദേഹം പള്ളിയില്‍ പോകും. സര്‍വകലാശാല അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന കാറില്‍ പള്ളിയില്‍ പോകും മുന്‍പ് അതിന്റെ ഇന്ധന ചെലവായ രണ്ടു രൂപ സര്‍വകലാശാലയില്‍ അടച്ചു രസീത് വാങ്ങും. പണമടച്ച രസീത് ഡ്രൈവര്‍ മേശപ്പുറത്ത് വെച്ചാല്‍ അല്ലാതെ ഗനി സാര്‍ പള്ളിയില്‍ പോകാന്‍ എഴുന്നേല്‍ക്കില്ല.
അത്രയ്ക്ക് സൂക്ഷ്മത ഉള്ള ആളായിട്ടും ഒരിയ്ക്കല്‍ അദ്ദേഹത്തിന് ഒരു അബദ്ധം പറ്റി. ഒരു ബാല്യകാല സുഹൃത്ത് യാത്രക്കിടെ ഗനിയെ കാണാന്‍ യൂണിവേഴ്‌സിറ്റിയില്‍ വന്നു. കുശലാന്വേഷണം നടത്തുന്നതിനിടെ ഗനി സാര്‍ സുഹൃത്തിനോട് ചോദിച്ചു, 'മകള്‍ എന്ത് ചെയ്യുന്നു?'
'അവള്‍ ഡിഗ്രി കഴിഞ്ഞു. റിസല്‍ട്ട് അറിഞ്ഞിട്ടില്ല'
സുഹൃത്ത് അത് പറഞ്ഞപ്പോള്‍ ഗനി മറ്റൊന്നും ആലോചിക്കാതെ അന്നത്തെ പരീക്ഷാ കണ്‍ട്രോളര്‍ വേലപ്പന്‍ നായരെ ഫോണില്‍ വിളിച്ചു. 'ആ റിസല്‍ട്ട് എന്തായി' എന്ന് ചോദിച്ചു.
പരമ യോഗ്യനായ അന്നത്തെ പരീക്ഷാ കണ്‍ട്രോളര്‍ വേലപ്പന്‍ നായര്‍ വി.സിയോട് പറഞ്ഞു.
'സോറി സാര്‍, ഇറ്റ്‌സ് എ കോണ്‍ഫിഡന്‍ഷ്യല്‍ മാറ്റര്‍. പരീക്ഷാ ഫലമൊരു രഹസ്യ ഫയല്‍ ആണ്. അതിപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.'
ഗനി ഒരു മഹാനായ മനുഷ്യനായിരുന്നു, അതുകൊണ്ട് അദ്ദേഹത്തിന് തന്റെ തെറ്റ് ബോധ്യമായി, അപ്പോള്‍ തന്നെ വി.സി വേലപ്പന്‍ നായരോട് മാപ്പ് പറഞ്ഞു.
ഇത്തരം മഹത്തായ തുടക്കങ്ങളില്‍ നിന്നാണ്, ഇപ്പൊള്‍ നമ്മുടെ സര്‍വകലാശാലകള്‍ എല്‍സിമാര്‍ ഫലം തീരുമാനിക്കുന്ന അവസ്ഥയില്‍ എത്തിയത്.