പുറത്താക്കിയത് കെ എം മാണിയെ, ഇല്ലാത്ത ധാരണയുടെ പേരുപറഞ്ഞ് നടപ്പാക്കിയത് രാഷ്ട്രീയ അനീതി: ജോസ് കെ മാണി

തിരുവനന്തപുരം| സുബിന്‍ ജോഷി| Last Modified തിങ്കള്‍, 29 ജൂണ്‍ 2020 (17:27 IST)
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇല്ലാത്ത ധാരണായ്യൂടെ പേരുപറഞ്ഞ് യു ഡി എഫില്‍ നിന്ന് തങ്ങളെ പുറത്താക്കിയത് രാഷ്ട്രീയ അനീതിയാണെന്ന് ജോസ് കെ മാണി. യു ഡി എഫ് കെട്ടിപ്പടുത്ത കെ എം മാണിയുടെ രാഷ്‌ട്രീയത്തെയാണ് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നതെന്നും ജോസ് കെ മാണി ആരോപിച്ചു.

രണ്ടുകൂട്ടരും അംഗീകരിച്ചാല്‍ മാത്രമാണ് ഒരു ധാരണ ഉണ്ടാകുന്നത്. തങ്ങള്‍ ഒരിക്കലും അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ചാണ് ‘ധാരണ’യുണ്ടെന്ന് പറയുന്നത്. ഇല്ലാത്ത ധാരണയുടെ പേരുപറഞ്ഞ് യു ഡി എഫില്‍ നിന്ന് പുറത്താക്കിയത് രാഷ്ട്രീയ അനീതിയാണ്. യു ഡി എഫിന് വേണ്ടി 38 വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച കെ എം മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞിരിക്കുന്നത് - ജോസ് കെ മാണി പറഞ്ഞു.

ധാരണ പാലിക്കുന്നില്ല എന്ന കാരണത്താലാണ് പുറത്താക്കുന്നതെങ്കില്‍ ജോസഫ് വിഭാഗത്തെ ആയിരം തവണയെങ്കിലും പുറത്താക്കണം. ചിലര്‍ക്ക് മാത്രം നീതി എന്ന രീതിയിലാണ് യു ഡി എഫില്‍ കാര്യങ്ങള്‍ നടക്കുന്നത്. പാലായിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നു എന്ന പരാതി പരിഗണിക്കാന്‍ പോലും യു ഡി എഫ് തയ്യാറായില്ല. പുറത്താക്കിയ ശേഷം ഇനി യു ഡി എഫുമായി ഒരു ചര്‍ച്ചയ്‌ക്കുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

കെ എം മാണി ജീവിച്ചിരുന്നപ്പോള്‍ മുന്നില്‍ നിന്ന് കുത്താന്‍ ധൈര്യമില്ലാതിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിയിരിക്കുകയാണെന്നും പി ജെ ജോസഫിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനം യു ഡി എഫ് നേതൃത്വമെടുത്തതെന്നും ചതിയാണിതെന്നും ജോസ് പക്ഷം നേതാവ് റോഷി അഗസ്റ്റിന്‍ എം എല്‍ എ ആരോപിച്ചു.

എന്നാല്‍ ജോസ് പക്ഷത്തെ പുറത്താക്കിക്കൊണ്ടുള്ള യു ഡി എഫ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പി ജെ ജോസഫും പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :