കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും, കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; സീറ്റിനായുള്ള പിടിവലി തുറന്ന പോരിലേക്ക് !

കുട്ടനാട്, കേരള കോണ്‍ഗ്രസ്, പി ജെ ജോസഫ്, ജോസ് കെ മാണി, Kuttanadu, Kerala Congress, P J Joseph, Jose K Mani
ആലപ്പുഴ| ജോണ്‍ കെ ഏലിയാസ്| Last Modified ചൊവ്വ, 7 ജനുവരി 2020 (15:51 IST)
കുട്ടനാട് നിയമസഭാ സീറ്റ് സംബന്ധിച്ച തര്‍ക്കം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ രൂക്ഷമാകുന്നു. പാര്‍ട്ടിയെയും യു ഡി എഫിനെയും ഈ തര്‍ക്കം പ്രതികൂലമായി ബാധിക്കുകയാണ്. എന്നാല്‍ തര്‍ക്കം മുറുകുകയും വിജയസാധ്യതയുള്ള സീറ്റ് നഷ്ടപ്പെടുകയും ചെയ്യുന്ന രീതി ഇനി അനുവദിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് കോണ്‍ഗ്രസ്.

പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തര്‍ക്കം തുടര്‍ന്നാല്‍ സീറ്റ് ഏറ്റെടുക്കാന്‍ തന്നെയാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. അരൂരില്‍ ഷാനിമോള്‍ ഉസ്‌മാനെ വിജയിപ്പിച്ച, പി ടി തോമസ് നേതൃത്വം നല്‍കുന്ന ടീമിനെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നതും ഇത് മുന്നില്‍ക്കണ്ടാണ്.

കഴിഞ്ഞ തവണ കുട്ടനാട്ടില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥി തന്‍റെ പക്ഷക്കാരനാണെന്നും അതിനാല്‍ സീറ്റ് തങ്ങള്‍ക്കുവേണമെന്നുമെന്നുമാണ് പി ജെ ജോസഫിന്‍റെ നിലപാട്. എന്നാല്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കുന്ന പ്രശ്നമില്ലെന്ന് ജോസ് കെ മാണിയും പറയുന്നു. ഇരുവരും തമ്മില്‍ യോജിച്ചുനീങ്ങാനുള്ള സാഹചര്യം ഉടനെയൊന്നും രൂപപ്പെടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനും ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന വികാരം പാര്‍ട്ടി പ്രവര്‍ത്തകരിലും ശക്‍തമാണ്.

പാലാ സീറ്റ് നഷ്ടപ്പെടുത്തിയ സാഹചര്യത്തില്‍ നിന്ന് കേരള കോണ്‍ഗ്രസ് നേതൃത്വം പാഠം പഠിച്ചിട്ടില്ലെന്ന് കോണ്‍‌ഗ്രസ് കരുതുന്നു. തോമസ് ചാണ്ടിയുടെ മരണത്തോടെ എന്‍ സി പിക്ക് കുട്ടനാട്ടില്‍ മത്സരിപ്പിക്കാന്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ അഭാവമുണ്ടെന്നും യു ഡി എഫ് കരുതുന്നു. പാലായിലെ തോല്‍‌വിക്ക് കുട്ടനാട്ടിലൂടെ മറുപടി നല്‍കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. അത് വിട്ടുകളയാന്‍ അറിഞ്ഞുകൊണ്ട് തയ്യാറാകരുതെന്ന വികാരമാണ് യു ഡി എഫ് നേതൃത്വത്തിനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :