സ്വാതന്ത്ര്യ ദിനാഘോഷം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തും

വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും.

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2025 (18:17 IST)
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തും. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡില്‍ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാന്‍ഡര്‍ അഞ്ജലി ഭാവനയുടെ നേതൃത്വത്തില്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ്, സ്‌പെഷ്യല്‍ ആംഡ് പോലീസ്, കെ എ പി, കേരള ആംഡ് വുമണ്‍ പോലീസ് ബറ്റാലിയന്‍, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍, റാപിഡ് റെസ്പോണ്‍സ് ആന്‍ഡ് റെസ്‌ക്യു ഫോഴ്‌സ്, ജയില്‍, എക്‌സൈസ്, വനം വകുപ്പുകള്‍, തിരുവനന്തപുരം സിറ്റി പോലീസ്, തമിഴ്നാട് പോലീസ് മറ്റ് വിഭാഗങ്ങളായ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസസ്എ, മോട്ടോര്‍ വാഹന വകുപ്പ്, എന്‍.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സൈനിക് സ്‌കൂള്‍ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്, അശ്വാരൂഢ സേന തുടങ്ങിയവര്‍ പരേഡില്‍ പങ്കെടുക്കും. തുടര്‍ന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :