നായ കടിച്ചാല്‍ വാക്‌സിന്‍ എടുത്താല്‍ പ്രശ്‌നമില്ലല്ലോ എന്നാണ് പലര്‍ക്കും, എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല; ഡോക്ടര്‍ പറയുന്നു

പ്രതിമാസം കോട്ടയം ജനറല്‍ ഹോസ്പിറ്റലില്‍ 500 ഓളം പേര്‍ക്കാണ് പേവിഷബാധയ്ക്ക് എതിരേയുള്ള കുത്തിവെയ്പ്പ് എടുക്കേണ്ടി വരുന്നത്

Street Dog, Street dog bite, Street Dog Issue Kerala, തെരുവ് നായ, തെരുവ് നായ ആക്രമണം
രേണുക വേണു| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2025 (18:14 IST)
Street Dog

ആക്രമണം സംസ്ഥാനത്ത് വലിയ ഭീതി വിതയ്ക്കുകയാണ്. നായ കടിയേറ്റാല്‍ വാക്‌സിന്‍ എടുക്കാമല്ലോ എന്നാണ് പലരുടെയും ആശ്വാസം. എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്നും കൂടുതല്‍ ജാഗ്രത വേണമെന്നും പറയുകയാണ് ഡോക്ടര്‍ ദീപു സദാശിവന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തെരുവ് നായ ആക്രമണത്തിന്റെ ഭീകരതയെ കുറിച്ച് ഡോക്ടര്‍ വ്യക്തമാക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈയടുത്ത് ഒരു 18 വയസ്സുള്ള പെണ്‍കുട്ടി OP യില്‍ വന്നു. നായ കടിച്ചതാണ്, എപ്പോ കടിച്ചു എന്ന് ചോദിച്ചപ്പോ ഒരു 10 മിനിറ്റേ ആയുള്ളൂ എന്ന് പറഞ്ഞു. അത്രയും പെട്ടന്ന് എത്തിയോ എന്ന് ചോദിച്ചപ്പോള്‍ ആശുപത്രിയുടെ മുന്നില്‍ നിന്നാണ് വിരലില്‍ കടിയേറ്റത്. അതെങ്ങനെ എന്ന് ചോദിച്ചു, ഒരു തെരുവുപട്ടി നില്‍ക്കുന്നത് കണ്ടു അതിനെ സ്‌നേഹിച്ചതാണത്രേ!

പ്രതിമാസം കോട്ടയം ജനറല്‍ ഹോസ്പിറ്റലില്‍ 500 ഓളം പേര്‍ക്കാണ് പേവിഷബാധയ്ക്ക് എതിരേയുള്ള കുത്തിവെയ്പ്പ് എടുക്കേണ്ടി വരുന്നത്. ഒരു ആശുപത്രിയിലെ കണക്ക് മാത്രമാണിത്, ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളിലും ഇന്ന് വാക്‌സിന്‍ ലഭ്യമാണ് എന്നോര്‍ക്കുക. ഇതില്‍ ഒരു 50 % എങ്കിലും category 3 ആയി കണക്കാക്കപ്പെടുന്ന റിസ്‌ക് കൂടുതലുള്ള exposure ആണെന്ന് തോന്നുന്നു. ( കണക്ക് വേണമെങ്കില്‍ രജിസ്റ്റര്‍ നോക്കി വഴിയേ കണ്ടെത്താം). അത്രത്തോളം മൃഗങ്ങളുടെ കടി ഇവിടെ നടക്കുന്നുണ്ട് എന്ന് സൂചിപ്പിക്കാന്‍ വേണ്ടി മാത്രം എഴുതിയതാണ്.

നായ കടിച്ചാല്‍ വാക്‌സിന്‍ എടുക്കാമല്ലോ എടുത്താല്‍ പ്രശ്‌നമില്ലല്ലോ എന്ന ലാഘവത്വം പലര്‍ക്കും ഉണ്ട്. എന്നാല്‍ അത്രയ്ക്ക് ലളിതവുമല്ല കാര്യങ്ങള്‍. കഴിഞ്ഞ ദിവസത്തെ പോസ്റ്റില്‍ അത് വിശദീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പേപ്പട്ടി കടിക്കുന്നത് കൂടുതല്‍ നാഡീ ഞരമ്പുകള്‍ ഉള്ള ഭാഗത്താണെങ്കിലോ / തലച്ചോറിനോട് സമീപത്തുള്ള കടിയാണെങ്കിലോ അത് വാക്‌സിന്‍ പ്രവര്‍ത്തിക്കുന്നതിന് മുമ്പ് തന്നെ വൈറസ് തലച്ചോറില്‍ എത്തി രോഗമുണ്ടാക്കാനുള്ള റിസ്‌ക് കൂടുതലാക്കും. കണ്ണൂരില്‍ ഒരു അഞ്ച് വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിക്ക് കണ്ണില്‍ വരെ കടിയേറ്റിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുന്‍പ് Anti rabies
വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് വലിയ റിസ്‌കും, എടുത്തവര്‍ക്ക് പ്രയോജനവും ഉണ്ടാവും.

കൊച്ചു കുട്ടികള്‍ ആക്രമിക്കപ്പെടാനും, അതുപോലെ മുഖത്തും കഴുത്തിലും ഒക്കെ അവര്‍ക്ക് കടിയേല്‍ക്കാനും സാധ്യത കൂടുതലാണ്. വാക്‌സിന്‍ എടുത്തതിനു ശേഷവും രോഗം വന്ന് അപൂര്‍വ്വം സംഭവങ്ങള്‍ കേട്ടിട്ടുണ്ടാവുമല്ലോ അത്തരം കേസുകളില്‍ ഭൂരിഭാഗവും ഈ പ്രതിഭാസം ആയിരിക്കാനാണ് സാധ്യത. പേവിഷബാധ ഉണ്ടായില്ലെങ്കിലും മറ്റു പല പ്രശ്‌നങ്ങളും ഉണ്ട്. മാരകമായ പരിക്കുകള്‍,
മരണം തന്നെ സംഭവിക്കുന്നത്, നായ ടൂവീലര്‍ വണ്ടികളുടെ മുന്നില്‍ ചാടി അപകടവും മരണവും സംഭവിക്കുന്നതുമൊക്കെ ഇന്ന് അപൂര്‍വമായ സംഗതിയല്ല.

മനുഷ്യരുടെ, (കുഞ്ഞുങ്ങളുടെ പ്രത്യേകിച്ചും തെരുവിലൂടെ സഞ്ചരിക്കേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ) ജീവന്റെ തന്നെ പ്രശ്‌നമാണിത്. Being attacked by an animal is a horrible traumatic experience for normal people, മാനസികമായ പ്രത്യാഘാതങ്ങളും ഉണ്ടാക്കും പ്രത്യേകിച്ച് കുഞ്ഞുങ്ങളില്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :