ഭര്‍ത്താവിനെ വാഹനം ഇടിപ്പിച്ചോ സയനൈഡ് നല്‍കിയോ കൊല്ലാന്‍ ആലോചിച്ചു, പേടി തോന്നിയപ്പോള്‍ ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച് പൊലീസിനെ വിവരം അറിയിച്ചു; കാമുകനൊപ്പം ജീവിക്കാന്‍ സൗമ്യ ചെയ്തത്

രേണുക വേണു| Last Modified ശനി, 26 ഫെബ്രുവരി 2022 (09:55 IST)
Soumya and Vinod

മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ സുനില്‍ ആണ് അറസ്റ്റിലായത്.

സൗമ്യ ഭര്‍ത്താവിന്റെ വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ചുവെയ്ക്കുകയായിരുന്നു. ഭര്‍ത്താവിനെ ജയിലിലാക്കിയതിന് ശേഷം കാമുകനൊപ്പം ജീവിക്കാനാണ് സൗമ്യ ഇങ്ങനെ ചെയ്തത്.

വണ്ടന്‍മേട് പഞ്ചായത്തംഗം സൗമ്യ (33), മയക്കുമരുന്ന് എത്തിച്ച ശാസ്താംകോട്ട സഹിയ മന്‍സിലില്‍ ഷാനവാസ് (39), കൊല്ലം മുണ്ടയ്ക്കല്‍ കപ്പലണ്ടിമുക്ക് അനുമോന്‍ മന്‍സിലില്‍ ഷെഫിന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കാമുകനായ നെറ്റിത്തൊഴു വെട്ടത്താഴത്ത് വിനോദ് രാജേന്ദ്രനെ (43) സൗദിഅറേബ്യയില്‍നിന്നു നാട്ടിലെത്തിക്കാനും പോലീസ് ശ്രമം തുടങ്ങി.

ആദ്യം ഭര്‍ത്താവിനെ വണ്ടിയിടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു ഇവരുടെ ശ്രമം. ഇതിനായി എറണാകുളത്തുള്ള ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി. എന്നാല്‍ പൊലീസ് പിടികൂടുമെന്ന ഭയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊല്ലാനും ആലോചിച്ചു. ഒടുവില്‍ ഇതും ഉപേക്ഷിച്ചു.

ഭര്‍ത്താവിന്റെ വാഹനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ച ശേഷം സൗമ്യ തന്നെയാണ് ഇക്കാര്യം പൊലീസിനെ വിളിച്ചു പറഞ്ഞത്. പൊലീസ് നടത്തിയ പരിശോധനയില്‍ മയക്കമരുന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ മദ്യപാനിയോ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളോ അല്ലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. അതോടെ പൊലീസിന് സംശയമായി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സൗമ്യ തന്നെയാണ് മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചതെന്ന് പൊലീസിന് മനസ്സിലായത്. സൗമ്യയുടെ കാമുകന്‍ വിനോദ് സൗദിയിലാണ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :