കുളിമുറിയില്‍ ഒളിക്യാമറ, സഹായത്തിനായി പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയെ വിളിച്ചു; 'ചോര വീണ മണ്ണില്‍ നിന്ന്..' എന്ന റിങ്‌ടോണ്‍ കേട്ടത് പറമ്പില്‍ നിന്ന് !

രേണുക വേണു| Last Modified ഞായര്‍, 12 ജൂണ്‍ 2022 (10:31 IST)

അയല്‍വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ചതിനു സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പാലക്കാട് കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇയാള്‍ക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തതിനെ തുടര്‍ന്നു പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും സിപിഎം വെളിപ്പെടുത്തി. കുളിമുറിയുടെ ജനാലയ്ക്കരുകില്‍ ആളനക്കം കേട്ടു വീട്ടമ്മ ബഹളം വച്ചപ്പോള്‍ ഷാജഹാന്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഓടുന്നതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ നിലത്തു വീണു.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് വീട്ടമ്മ പറഞ്ഞു. ഇവരുടെ അയല്‍വാസിയാണ് ഷാജഹാന്‍. എന്താവശ്യം ഉണ്ടെങ്കിലും വീട്ടമ്മയും കുടുംബവും തൊട്ടയല്‍ക്കാരനായ ഷാജഹാനെയായിരുന്നു ആദ്യം വിളിക്കുന്നത്. കുളിമുറിക്കരുകില്‍ ആളനക്കം കേട്ടപ്പോഴും ആദ്യം ഷാജഹാനെയാണ് വിളിച്ചത്. എന്നാല്‍ ഷാജഹാന്‍ ഓടിയപ്പോള്‍ മൊബൈല്‍ അടുത്ത പറമ്പില്‍ വീണിരുന്നു. പിന്നീട് ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ അടുത്ത പറമ്പില്‍ ബെല്ലടിച്ചതോടെയാണ് വീട്ടമ്മയ്ക്ക് സംശയം തോന്നിയതും പാര്‍ട്ടിയെ വിവരം അറിയിച്ചതും തുടര്‍ന്ന് പൊലീസില്‍ അറിയിച്ചതും. 'ചോര വീണ മണ്ണില്‍ നിന്ന്..' എന്ന റിങ്‌ടോണ്‍ ആണ് ഇയാളുടെ ഫോണിലേത്. അതുകൊണ്ട് പറമ്പില്‍ കിടന്ന് ഫോണ്‍ ബെല്ലടിച്ചപ്പോള്‍ വീട്ടമ്മയ്ക്ക് വേഗം മനസ്സിലായി.

പാര്‍ട്ടി അനുഭാവി കൂടിയായ വീട്ടമ്മയ്ക്കും കുടുംബത്തിനും എല്ലാ പിന്തുണയും നല്‍കുമെന്നാണ് സിപിഎം പുതുശേരി ഏരിയ കമ്മിറ്റി പറയുന്നത്. ഷാജഹാന്‍ ഇപ്പോള്‍ ഒളിവിലാണ്. പൊലീസ് ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടില്‍ പരിശോധന നടത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :