പാലക്കാട്ട് ഒരു കോടി 90 ലക്ഷത്തിന്റെ കുഴൽപ്പണവേട്ട : രണ്ടു പേർ പിടിയിൽ

Arrest,Representation Image
എ കെ ജെ അയ്യർ| Last Modified ഞായര്‍, 21 ജനുവരി 2024 (10:26 IST)
പാലക്കാട്: ദേശീയപാതയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ ഒരു കോടി 90 ലക്ഷത്തിന്റെ കുഴല്പണവുമായി മലപ്പുറം അങ്ങാടിപ്പുറം സ്വദേശികളായ രണ്ടു പേരെ പോലീസ് പിടികൂടി. അങ്ങാടിപുറം സ്വദേശികളായ മുഹമ്മദ് കുട്ടി, മുഹമ്മദ് നിസാർ എന്നിവരെ പൊലീസാണ് പിടികൂടിയത്.

കോയമ്പത്തൂരിൽ നിന്ന് മലപ്പുറത്തെത്തിക്കാനായി കൊണ്ടുവന്നതായിരുന്നു ഈ പണം. ഇവർ വന്ന കാറിന്റെ രഹസ്യ അറകളിൽ ബണ്ടിലുകളായി 500 രൂപയുടെ നോട്ടുകെട്ടുകളാണ് സൂക്ഷിച്ചിരുന്നത്. വാഹനം കൈകാണിച്ചിട്ടും നിർത്താതെ പോയതിനെ തുടർന്ന് പോലീസ് ഇവരെ പിന്തുടരുകയും അവരുടെ വാഹനം ബ്ലോക്ക് ചെയ്തു പിടികൂടുകയുമായിരുന്നു.

ചോദ്യം ചെയ്യലിൽ കോയമ്പത്തൂരിൽ കച്ചവടം കഴിഞ്ഞു നാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് ഇവർ പറഞ്ഞത്. ആദ്യം നടത്തിയ പരിശോധനയിൽ പണവും പൊലീസിന് ലഭിച്ചിരുന്നില്ല. തുടർന്നുള്ള വിഷാദ പരിശോധനയിലാണ് രഹസ്യ അറയിൽ നിന്നും പണം കണ്ടെടുത്തത്. എന്നാൽ പഴയ സ്വർണ്ണം വിറ്റ് കിട്ടിയ പണമാണിതെന്നാണ് പ്രതികൾ തുടർന്ന് പറഞ്ഞത്. പക്ഷെ ഇവരുടെ പക്കൽ മതിയായ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല.

ദേശീയ പാതയിലെ വാളയാർ - കുരുടിക്കാട് റോഡിൽ നിരവധി തവണ കുഴൽപ്പണ കടത്ത് സംഘത്തെ തട്ടിപ്പുകാർ ആക്രമിച്ചിട്ടുണ്ട്. ഇപ്പോൾ പിടിയിലായ മുഹമ്മദ് നിസാർ കുഴൽപ്പണ കടത്തിലെ അംഗമാണെന്നാണ് പോലീസ് പറഞ്ഞത്. 2021 ൽ കുഴൽപ്പണ കടത്തുകാരെ ആക്രമിച്ചു നാലര കോടിയുമായി അക്രമികൾ കടന്നിരുന്നു. ആ സമയത്ത് പണം നഷ്ടപ്പെട്ട വാഹനം ഓടിച്ചിരുന്നത് മുഹമ്മദ് നിസാറായിരുന്നു.പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :