എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (10:46 IST)
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വൃദ്ധ മാതാവിന് കൂട്ടിനിരിക്കാന്‍ എത്തിയ 34 കാരിയെ ലൈംഗികമായി പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം ഇടവിളാകം ലക്ഷംവീട് കോളനി നിവാസി സന്ദീപ് (കണ്ണന്‍) എന്ന 25 കാരനെയാണ് മാനസിക വെല്ലുവിളി നേരിടുന്ന ഇവരെ പീഡിപ്പിച്ചതിന് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
മാതാവിന് ആഹാരം വാങ്ങാന്‍ പുറത്തുപോയ യുവതി തിരിച്ചെത്തിയപ്പോള്‍ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കണ്ട അസ്വാഭാവികത മറ്റു കൂട്ടിരിപ്പുകാരുടെ ശ്രദ്ധയില്‍ പെടുകയും ഡ്യൂട്ടി ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അവരെ എസ്.എ.ടി ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കുകയും പീഡനം നടന്ന കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ക്രൂരമായി പീഡനമേറ്റ ഇവര്‍ക്ക് പരിക്കേറ്റിരുന്നു. ഇതും ചികിത്സിച്ചു. എന്നാല്‍ യുവതിക്ക് പ്രതിയായ യുവാവിനെ കുറിച്ച് കൂടുതലൊന്നും പറയാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് പോലീസ് മെഡിക്കല്‍ കോളേജ് പരിസരത്തു ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഫോട്ടോ യുവതിയെ കാണിക്കുകയും അവര്‍ ഇത് തിരിച്ചറിയുകയും ചെയ്തതോടെയാണ് പ്രതിയെ പിടികൂടിയത്. മുമ്പ് മെഡിക്കല്‍ കോളേജ് പരിസരത്തെ ആംബുലന്‍സ് ഡ്രൈവറായിരുന്ന ഇയാളെ സ്വഭാവ ദൂഷ്യം കാരണം പിരിച്ചുവിട്ടിരുന്നു. ഇതിനൊപ്പം ഇയാള്‍ക്കെതിരെ 2015 ല്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ പോക്‌സോ കേസും നിലനില്‍ക്കുന്നുണ്ട്.