പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ബന്ധുവായ പ്രതിക്ക് 17 വർഷം കഠിന തടവ്

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 2 മെയ് 2023 (19:17 IST)
തിരുവനന്തപുരം : പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കോടതി ബന്ധുവായ യുവാവിന് പതിനേഴു വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. അഞ്ചുതെങ്ങ് സ്വദേശി ജോണി എന്ന മുത്തപ്പനെ (39) ആണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി ടി.പി.പ്രഭാഷ ലാൽ ശിക്ഷിച്ചത്.

അതിജീവിതയായ കുട്ടി മുത്തപ്പന്റെ മാതൃ സഹോദരീ പുത്രിയുടെ മകളാണ്. പെൺകുട്ടി കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ അതിജീവിതയുടെ മാതാവ്, മാതാവിന്റെ സുഹൃത്ത് എന്നിവരെയും പ്രതി ചേർത്തിരുന്നു എങ്കിലും ഇവർ കുറ്റക്കാരല്ല എന്ന് കണ്ട് കോടതി വിട്ടയച്ചു.

അതിജീവിതയുടെ പിതാവിന്റെ മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. അതിജീവിതയുടെ മൊഴിയിൽ നിന്നാണ് ജോണി എന്ന മുത്തപ്പനാണ് താൻ ഗര്ഭിണിയായതിന് ഉത്തരവാദി എന്ന് കണ്ടെത്തിയത്. കഠിനംകുളം എസ്.ഐ ആയിരുന്ന തൻസീം അബ്ദുൽ സമദ് ആണ് കേസ് അന്വേഷണം നടത്തിയത്. പിന്നീട് കടയ്ക്കാവൂർ പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ജി.ബി.മുകേഷാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :