വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2020 (07:14 IST)
കൊച്ചി: ഇന്ത്യയിൽനിന്നും ശേഖരിച്ച വിദേശ കറൻസികൾ കടത്തിയത് യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ ബാഗേജുകളിൽ എന്ന് സൂചനകൾ. പ്രതികളായ സ്വപ്നയും, സരിത്തും പലതവണ കോൺസലേറ്റ് ഉദ്യോഗസ്ഥർക്കൊപ്പം യുഎഇയിലേയ്ക്ക് യാത്ര നടത്തിയിരുന്നു. കൊൺസലേറ്റ് ഉദ്യോഗസ്ഥർ കേരളത്തിൽനിന്നും കൊണ്ടുപോയ പഴ്സൽ യുഎഇയിൽ വച്ച് സ്വപ്നയ്ക്കും സരിത്തിനും കൈമാറിയിരുന്നതായാണ് റിപ്പോർട്ടുകൾ.
ഈ ബാഗേജുകൾ വഴിയാവാം കറൻസികൾ വൻതോതിൽ കടത്തിയത് എന്നാണ് അനുമാനം. നയതന്ത്ര പരിരക്ഷയുള്ള കോൺസലേറ്റ് ഉദ്യോഗസ്ഥർക്ക് പരിശോധനകളില്ലാതെ യാത്ര ചെയ്യാം എന്നതിനാൽ കറൻസി കടത്തുന്നതിന് തടസങ്ങൾ നേരിടുകയുമില്ല. യുഎഇയിലെത്തിയ ഉദ്യോഗസ്ഥർ അവിടെ തങ്ങാതെ യൂറോപ്പിലേയ്ക്ക് യാത്ര തുടരുകയായിരുന്നു. ഓരോ ഇടപാടുകൾക്കും യുഎഇ അറ്റാഷെ പ്രതിഫലം വാങ്ങിയിരുന്നു എന്ന് പ്രതികൾ നേരത്തെ തന്നെ മൊഴി നൽകിയിരുന്നു.
അറ്റാഷെയ്ക്ക് ഡോളറായാണ് പ്രതിഫലം നൽകിയിരുന്നത് എന്നും ഇത് അദ്ദേഹം യൂറോപ്പിലെ ബിസിനസുകളിൽ ഇൻവെസ്റ്റ് ചെയ്തു എന്നും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു. ഇതിൽനിന്നും സ്വർണക്കടത്തിലും വിദേശ കറൻസി കടത്തിലും യുഎഇ കോൺസലേറ്റ് ഉദ്യോഗസ്ഥർക്ക് കൃത്യമായ പങ്കുണ്ട് എന്നാണ് വ്യക്തമാകുന്നത്.