നീറ്റ് ജെഇഇ പരീക്ഷകൾ മുൻനിശ്ചയിച്ചപ്രകാരം തന്നെ, മാറ്റിവയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 17 ഓഗസ്റ്റ് 2020 (13:48 IST)
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷ നീറ്റ്, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എന്നിവ നീട്ടിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തളളി. വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് നിരീക്ഷിച്ച്‌ കൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായുളള ബെഞ്ച് ഹര്‍ജി തളളിയത്. സെപ്തംബറിൽ നടക്കാനിരിയ്ക്കുന്ന പ്രവേശന പരീക്ഷകൾ കൊവിഡിന് എതിരായ വാക്സിൻ കണ്ടുപിടിയ്ക്കുന്നതുവരെ നീട്ടിവയ്ക്കണം എന്നായിരുന്നു 11 വിദ്യാര്‍ഥികൾ ചേർന്ന് നൽകിയ ഹർജിയിലെ ആവശ്യം.

നീണ്ടക്കാലത്തേയ്ക്ക് കുട്ടികളുടെ ഭാവി അപകടത്തിലാക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കോവിഡിന്റെ കാലത്ത് എല്ലാം അടച്ചിടാന്‍ സാധിക്കില്ല. എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച്‌ മുന്നോട്ടുപോവുകയാണ് വേണ്ടത്. ഒരു വര്‍ഷം മുഴുവന്‍ കളയാന്‍ തയ്യാറാണോ എന്നും ജസ്റ്റിസ് അരുണ്‍മിശ്ര വിദ്യാർത്ഥികളോട് ചോദിച്ചു.

പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സുപ്രീംകോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ 13ന് നീറ്റ് പരീക്ഷ നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്‍ജിനീയറിങ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷ സെപ്്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെയും, ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ സെപ്റ്റംബര്‍ 27നും നടക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :