എ കെ ജെ അയ്യർ|
Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (17:54 IST)
കൊല്ലം:
ചവറ പാലത്തിനടിയിലാണ് ദേശീയ ജലപാതയിൽ ഇറച്ചി മാലിന്യം തിരുവോണ പിറ്റേന്ന് തള്ളിയതിന് മൂന്നു പേർക്കെതിരെ ചവറ പോലീസ് കേസെടുത്തത്. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചവറ പുതുക്കാട് ഷാൻ മൻസിലിൽ നിസാർ, ആസാം സ്വദേശി ഖാബിലുദ്ദീൻ, തോടിനു വടക്ക് കോട്ടയ്ക്കകത്ത് സജികുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ചവറ പഞ്ചായത്ത് സെക്രട്ടറി, നാട്ടുകാർ എന്നിവരാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് ഇൻസ്‌പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിടികൂടിയ വാഹനങ്ങൾ പോലീസ് കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. വാഹന രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും എന്നാണു പോലീസ് പറയുന്നത്.
അതെ സമയം കൊട്ടിയം മേവറം ബൈപ്പാസ് തുടങ്ങുന്ന സ്ഥലത്തും ദേശീയ പാതയിൽ കൊല്ലത്തേക്ക് പോകുന്ന ഭാഗത്തുമാണ് മാലിന്യം തള്ളിയത് കാരണം മൂക്ക് പൊത്താതെ അതുവഴി പോകാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്. അറവുശാലകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെയുള്ളവയാണ് ഇവിടെ വൻ തോതിൽ തള്ളിയിരിക്കുന്നത്.