1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Former DGP R Sreelekha opposes menstrual leave

മാസാമാസം ക്ലാസിൽ പോകാതിരുന്നാൽ ആർത്തവമുള്ളത് വീട്ടുകാരും നാട്ടുകാരും അറിയും, ഇതാണോ ആർത്തവ അഭിമാനം?, മെൻസ്ട്രുവൽ ലീവിനെതിരെ ആർ. ശ്രീലേഖ

വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആര്‍ത്തവാവധി അനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ.

R Sreelekha
തിരുവനന്തപുരം: വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആര്‍ത്തവാവധി അനുവദിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ.ആര്‍ത്തവാവധി എന്ന ആശയം പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകള്‍ ആക്കുമോ? എന്ന ചോദ്യമാണ് ശ്രീലേഖ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ഉയര്‍ത്തുന്നത്.
 
ചില സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് കടുത്ത വേദനയും അസ്വസ്ഥതയും അനുഭവപ്പെടാറുണ്ടെങ്കിലും, അതിന്റെ പേരില്‍ വിദ്യാഭ്യാസത്തെയോ തൊഴില്‍പരമായ ഉത്തരവാദിത്തങ്ങളെയോ ഒഴിവാക്കുന്നത് സാധാരണ പ്രവണതയല്ലെന്നും തന്റെ വിദ്യാര്‍ഥി കാലത്തും ഐപിഎസ് പരിശീലന കാലത്തും ആര്‍ത്തവത്തിന്റെ പേരില്‍ മാറിനിന്നിട്ടില്ലെന്നും എന്നാല്‍ മാസാമാസം ആര്‍ത്തവാവധി അനുവദിക്കുന്നത് പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ആര്‍ ശ്രീലേഖ പറയുന്നു.
 
 ആര്‍ ശ്രീലേഖയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
 
വിദ്യാര്‍ഥിനികള്‍ക്ക് 3 ദിവസം വരെ എല്ലാ മാസവും ആര്‍ത്തവാവധി പ്രഖ്യാപിച്ച സര്‍ക്കാര്‍ നയം ശരിക്കും പെണ്‍കുട്ടികളെ ശക്തരാക്കുമോ അതോ കൂടുതല്‍ അബലകള്‍ ആക്കുമോ?
 
ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതില്‍ ചിലര്‍ക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാന്‍ ഒരിക്കല്‍ പോലും ഈ കാരണം പറഞ്ഞു സ്‌കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. IPS പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളില്‍ നിന്ന് ആ ദിവസങ്ങളില്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോള്‍ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ് സ്ത്രീകളുടെ ശക്തി!
 
എന്നാല്‍ ഇപ്പോള്‍ മാസാമാസം ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആര്‍ത്തവം എന്ന്! ഇതാണോ menstrual dignity? 
നാണക്കേടല്ലേ? 
 
ഇതുപോലുള്ള സൗജന്യങ്ങള്‍ക്ക് പകരം എല്ലാ സ്‌കൂളിലും കോളേജിലും പെണ്‍കുട്ടികള്‍ക്ക് വൃത്തിയുള്ള ശൗചാലയങ്ങളും napkin wending മെഷീനുകളും നല്‍കാന്‍ ഏര്‍പ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കില്‍ സൗജന്യ വേദന സംഹരി മരുന്നുകള്‍ വിദ്യാലയങ്ങളില്‍ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും.
ഒരു പെണ്‍കുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാന്‍ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടില്‍ ഇരിക്കാന്‍ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയില്‍ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ല.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഉപരോധം ലംഘിച്ചു, ഇറാനിലേക്ക് നീങ്ങിയ ചരക്ക് കപ്പലിന് നേരെ യുഎസ് വ്യോമാക്രമണം