വ്യാജ ഉത്തരവ് കാണിച്ചു മൂന്നു ലക്ഷം തട്ടിയ മുംബൈ സ്വദേശി പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 4 മെയ് 2022 (15:28 IST)
കൊല്ലം: കോടതിയുടെ വ്യാജ ഉത്തരവ് കാണിച്ചു മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുംബൈ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ അർമാൻ സഞ്ജയ് പവാർ എന്നയാളെയാണ് കൊല്ലം വെസ്റ്റ് പോലീസ് മുംബൈ പോലീസിന്റെ സഹായത്തോടെ മുംബൈയിലെ ഒരു ഗ്രാമത്തിലെ വനത്തോട് ചേർന്ന പാറമടയിൽ ഒളിച്ചു കഴിയവേ പിടികൂടിയത്.

മുംബൈയിൽ ഏറെ നാളായി കഴിയുന്ന തങ്കശേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയുടെ മാതാവിന്റെ പേരിൽ അവരുടെ സഹോദരി തന്റെ കാലശേഷം ഉപയോഗിക്കാനായി വിൽപ്പത്രം എഴുതിയിരുന്നു. എന്നാൽ യുവതിയുടെ മാതാവ് നേരത്തെ മരിച്ചതോടെ വിൽപ്പത്രം റദ്ദായി. പക്ഷെ ഈ സ്വത്തിനു അർഹതയുണ്ടെന്ന് കാണിച്ചു യുവതി മഹാരാഷ്ട്രയിലെ അഭിഭാഷകരെ സമീപിച്ചു.

നിയമപരമായി ഇതിനു സാധുതയില്ലെന്നു മറുപടി ലഭിച്ചു. ഇതിനിടെ സഞ്ജയ് പവാർ യുവതിയെ സമീപിച്ചു സ്വത്തു വാങ്ങിത്തരാമെന്ന് പറഞ്ഞു . കോടതിയിൽ നിന്ന് ലഭിച്ച ഒരു ജഡ്ജ്‌മെന്റ് കൈവശപ്പെടുത്തുകയും അതിൽ തിരിമറി വരുത്തി സ്വത്ത് യുവതിക്ക് അനുകൂലമായി ലഭിക്കുമെന്നും കാണിച്ചു യുവതിയെ തെറ്റിദ്ധരിപ്പിച്ചു.

ഇതിനു പ്രതിഫലമായി മൂന്നു ലക്ഷം രൂപ കൈക്കലാക്കുകയും ചെയ്തു. എന്നാൽ യുവതി പിന്നീട് മുംബൈയിൽ ഉള്ള രജിസ്ട്രാറെ സമീപിച്ചപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടത് എന്ന വിവരം അറിഞ്ഞത്. തുടർന്നാണ് കേസ് നൽകിയതും പോലീസ് പ്രതിയെ പിടികൂടിയതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :