എട്ടും പൊട്ടിയതിന്റെ കലിപ്പിലാകും മുംബൈയുടെ വരവ്, മുന്നിൽ പെടു‌ന്നത് രാജസ്ഥാൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 25 ഏപ്രില്‍ 2022 (17:28 IST)
ഐപിഎല്ലിൽ തലയുയർത്താനാകാത്ത വിധം നാണക്കേടിന്റെ പടുകുഴിയിൽ വീണിരുക്കുകയാണ് മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയും പരാജയം ഏറ്റുവാങ്ങിയതോടെ തുടരെ 8 മത്സരങ്ങളിലാണ് മും‌ബൈ പരാജയപ്പെട്ടിരിക്കുന്നത്.

രോഹിത് ശർമയും ഇഷാൻ കിഷനും അടങ്ങിയ മുൻനിരയുടെ പരാജയമാണ് മുംബൈയെ വലയ്ക്കുന്നത്. പവർ പ്ലേയിൽ റൺസ് കണ്ടെത്താൻ വലയുന്ന മുൻ നിര കൂടാരം കേറുമ്പോൾ റൺറേറ്റ് ഉയർത്തുക എന്ന ഉത്തരവാദിത്വം കൂടി മധ്യനിരയുടെ തലയിലാവുകയാണ്. ദുർബലമായ ബൗളിങ് നിരയായതിനാൽ ഉയർന്ന സ്കോർ കണ്ടെത്തണമെന്ന അധികബാധ്യതയും മുംബൈ മധ്യനിരയെ തളർ‌ത്തുന്നു.

പഴയ കണലിന്റെ ഒരു ഭാഗം പോലും പുറത്ത് കാണിക്കാൻ സാധിക്കാത്ത കിറോൺ പൊള്ളാർഡിനെ പോലുള്ള താരങ്ങൾ കൂടിയാകുമ്പോൾ മുംബൈയുടെ ബാറ്റിങ്
പരാജയം പൂർത്തിയാകുന്നു. തിലക് വർമ,സൂര്യകുമാർ യാദവ്,ഡെവാൾഡ് ബ്രെവിസ് എന്നിവർ മാത്ര‌മാണ് മുംബൈ ബാറ്റിങ് നിരയിൽ തിളങ്ങുന്നത്.

എന്നാൽ രാജസ്ഥാനുമായി അ‌ടുത്ത മത്സരത്തിനിറങ്ങുമ്പോൾ ഒരു വിജയമെങ്കിലും സ്വന്തമാക്കി പോയന്റ് പട്ടികയിൽ ഇടം നേടുക എന്നതാകും മുംബൈ ലക്ഷ്യമിടുന്നത്. ടൂർണമെന്റിലെ കുഞ്ഞൻ ടീമുകൾ വരെ പഞ്ഞിക്കിട്ടതിന്റെ കലിപ്പ് മൊത്തം മുംബൈ രാജസ്ഥാന് മുകളിൽ തീർക്കുമെന്നാണ് ആരാധകരും പറയുന്നത്.

ടോപ് ഓർഡറിൽ ഫോമിലേക്കെത്തുന്നതിന്റെ സൂചന രോഹിത് നൽകിയത് അൽപം ആശ്വാസം മുംബൈയ്ക്ക് ‌നൽകുന്നു.മധ്യനിരയില്‍ കളിക്കുന്നവര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് അവസാനം വരെ ഇന്നിംഗ്സുകൾ കളിക്കണമെന്ന് രോഹിത് ടീമംഗങ്ങളോട് പറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കേണ്ടതായി വരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :