മുംബൈയുടെ സൂര്യനുദിച്ചു, സീസണിലെ ആദ്യ വി‌ജയം

അഭിറാം മനോഹർ| Last Modified ഞായര്‍, 1 മെയ് 2022 (09:08 IST)
കാത്തിരിപ്പിനൊടുവിൽ പതിനഞ്ചാം സീസണിലെ ഒമ്പതാം മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ആദ്യ വിജയം. തുടർ തോൽവികളിൽ നാണക്കേടിന്റെ കുഴിയിലേക്ക് കൂപ്പുകുത്തിയ മുംബൈ രാജസ്ഥാൻ റോയൽസിനെയാണ് ഇന്നലെ പരാജയപ്പെടുത്തിയത്. സീസണിലെ ടീമിന്റെ ആദ്യ വിജയമാണിത്.

അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവിന്റെയും തിലക് വര്‍ണയുടെയും ഇന്നിങ്‌സുകളാണ് മുംബൈക്ക് ജയമൊരുക്കിയത്. 159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് ‌തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയേയും ഓപ്പണിങ് താരം ഇഷാൻ കിഷനെയും നഷ്ടമായി. എന്നാൽ ഇഷാൻ കിഷൻ താ‌ളം കണ്ടെത്തിയത് മുംബൈയ്ക്ക് ആശ്വാസം നൽകുന്നുണ്ട്.

18 പന്തിൽ 26 റൺസാണ് മത്സരത്തിൽ ഇഷാൻ നേടിയത്. പിന്നാലെ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യകുമാര്‍ യാദവ് - തിലക് വര്‍മ സഖ്യം മത്സരം മുംബൈക്ക് അനുകൂലമാക്കുകയായിരുന്നു. 81 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മുംബൈ സ്‌കോറിലേക്ക് ചേര്‍ത്തത്. സൂര്യകുമാര്‍ 39 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 51 റണ്‍സെടുത്തു. തിലക് വര്‍മ 30 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഒരു ഫോറുമടക്കം 35 റണ്‍സെടുത്തു.

മൂന്നാം വിക്കറ്റിലെ ഉറച്ച കൂട്ടുക്കെട്ടിൽ മുംബൈ നില ഭദ്രമാക്കിയപ്പോൾ പിന്നാലെയെത്തിയ കിറോൺ പൊള്ളാർഡിനും ടിം ഡേവിഡിനും ടീമിനെ വിജയത്തിലേക്കെത്തിക്കുന്ന ജോലി മാത്രമാണ് ബാക്കിയായറ്റ്ഹ്. 14 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത പൊള്ളാര്‍ഡ് അവസാന ഓവറിലെ ആദ്യ പന്തില്‍ മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ഡാനിയല്‍ സാംസ് ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തി നാലു പന്തുകൾ ബാക്കിനി‌ൽക്കെയാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ‌രാജസ്ഥാൻ അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറുടെ മികവില്‍ 158 റൺസാണ് നേടിയത്. ബട്ട്‌ലർ 52 പന്തിൽ 67 റൺസെടുത്തു.വാലറ്റത്ത് വെറും ഒമ്പത് പന്തില്‍ നിന്ന് 21 റണ്‍സെടുത്ത ആര്‍. അശ്വിനാണ് റോയല്‍സ് സ്‌കോര്‍ 150 കടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :