എ കെ ജെ അയ്യര്‍|
Last Updated:
വ്യാഴം, 22 ഏപ്രില്‍ 2021 (13:33 IST)
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വക പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിജിലന്‍സ് എന്നീ വിഭാഗങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട രണ്ട് പേരെ പോലീസ് അറസ്‌റ് ചെയ്തു. തമിഴ്നാട് ആവഡി സ്വദേശി ശിവകുമാര്‍ (51, തിരുവനന്തപുരം കാച്ചാണി ശ്രീശൈലം വീട്ടില്‍ അശോക് കുമാര്‍ (51) എന്നിവരാണ് ഫോര്‍ട്ട് പോലീസ് വലയിലായത്.
തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് എസ്.എസ് വെരിഫിക്കേഷന്‍ സര്‍വീസ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് ഇവര്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ വെരിഫിക്കേഷന്‍ ഓഫീസര്‍ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു ശിവകുമാര്‍ കബളിപ്പിക്കല്‍ നടത്തിയത്.
അഭിമുഖത്തിനായി 5530 രൂപ വാങ്ങിയ ശേഷം അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ നല്‍കുമ്പോള്‍ അര ലക്ഷം രൂപ കൂടി നല്‍കണം എന്ന രീതിയിലായിരുന്നു തട്ടിപ്പ്. ഇരുപതിലേറെ പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായതായി പോലീസ് അറിയിച്ചു. പ്രതികള്‍ സമാന രീതിയില്‍ മുമ്പും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.