ആലപ്പുഴ|
jibin|
Last Updated:
ശനി, 28 മെയ് 2016 (14:53 IST)
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നതിന് പിന്നാലെ മത്സ്യലഭ്യതയിലും ഇടിവ്. കേരളത്തിന്റെ ഇഷ്‌ട മീനായ മത്തി ഉള്‍പ്പെടെയുള്ള ചെറുമീനുകളാണ് അപ്രത്യക്ഷമായിരിക്കുന്നത്. കാലാവസ്‌ഥ വ്യതിയാനമാണ് ഇപ്പോഴത്തെ മത്സ്യലഭ്യത കുറവിനു കാരണമെന്ന് വിദഗ്‌ധര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഒമാന്‍ ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നാണ് മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്.
സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് മുമ്പ് അതിശക്തമായ ചൂട് അനുഭവപ്പെട്ടതിനാല്‍ ചുട്ടുപൊള്ളുന്ന തീരത്ത് നിന്നു മത്സ്യങ്ങള്‍ ആഴക്കടലിലേക്ക് കൂട്ടമായി പോകുകയായിരുന്നു. കാലാവസ്ഥമാറി സംസ്ഥാനത്ത് മഴയെത്തിയപ്പോള്‍ കടല്‍ ക്ഷോഭം മത്സ്യബന്ധനത്തിന് തിരിച്ചടിയായി തീര്‍ന്നു. യന്ത്രവത്‌കൃത ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോകുന്നുണ്ടെങ്കിലും കാലാവസ്ഥ അടിക്കടി മാറിയത് തിരിച്ചടിയായി.
ഈ സാഹചര്യത്തിലാണ് ഒമാനില്‍ നിന്നു മത്തി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത്. സാധാരണ മത്തിയേക്കാള്‍ ഇരട്ടിവലുപ്പവും നിറവ്യത്യാസവും ഇവയ്‌ക്കുള്ളതിനാല്‍ ‘ഒബാമ മത്തി’യെന്ന പേരിലാണ് നാട്ടിന്‍ പുറങ്ങളില്‍ ഇവ വില്‍ക്കുന്നത്.
കിലോഗ്രാമിന് 170 മുതല്‍ 200 രൂപ വരെയാണു വില. ചെമ്മീന്‍- 240, കേര- 300, ചൂര- 240, നത്തോലി- 160, അയല- 280, കിളിമീന്‍- 200, ശീലാവതി -160, നെയ്‌മീന്‍ -700 എന്നിങ്ങനെയാണ് ഇപ്പോഴത്തെ മീന്‍ വില.
മണ്‍സൂണ്‍ എത്തുന്നതോടെ മീനിന് കൂടുതല്‍ വില വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കര്‍ഷകരും വ്യാപാരികളും പറയുന്നത്. കടല്‍ മത്സ്യങ്ങള്‍ക്ക് വില വര്‍ദ്ധിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കായല്‍ മത്സ്യങ്ങള്‍ക്കും ഇരട്ടിവിലയായി. കിലോഗ്രാമിന് 350 രൂപയായിരുന്ന കരിമീനിന് ഇപ്പോള്‍ 500 രൂപ വരെയായി. കൊഞ്ചിന് കിലോയ്‌ക്ക് 900 രൂപയായി. പച്ചക്കറി വില ഉയര്‍ന്ന സാഹചര്യത്തില്‍ മീനിനെ ആശ്രയിച്ച സാധാരണക്കാര്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് മത്സ്യത്തിന്റെ വിലവര്‍ദ്ധനവ്.