പത്തനംതിട്ട|
Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (09:28 IST)
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ശബരിമല തീര്‍ഥാടനത്തിനും വിനയാകുമെന്ന് റിപ്പോര്‍ട്ട്. ഇത് മൂലം കാട് തെളിക്കലും ചായംപൂശലും റീടാറിങ്ങും നടത്താതെ പാതകളില്‍ അറ്റകുറ്റപ്പണി മാത്രം നടത്താനാണ് തീരുമാനം. പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍പ്പെട്ട 17 റോഡുകളാണ് ശബരിമല പാതകളായി ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാ വര്‍ഷവും തീര്‍ഥാടനത്തിനു മുന്‍പ് ഈ പാതകള്‍ പുനരുദ്ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.
പൂര്‍ണമായി തകര്‍ന്ന റോഡുകളില്‍ റീടാറിംഗ്, അറ്റകുറ്റപ്പണി, കാട് തെളിക്കല്‍, അപകടങ്ങള്‍ ഒഴിവാക്കാന്‍ കലുങ്കുകളുടെ പാരപ്പറ്റുകളിലും അതിരു കല്ലുകളിലും വൈദ്യുതി തൂണുകളിലും പാലങ്ങളിലും ചായം പൂശല്‍, റോഡുകളില്‍ മധ്യ വരയിടല്‍ എന്നീ പണികളാണ് തീര്‍ഥാടനത്തിനു മുമ്പ് നടത്താറുള്ളത്. എന്നാല്‍, ഇത്തവണ അറ്റകുറ്റപ്പണിക്ക് മാത്രമാണ് പണം അനുവദിച്ചിരിക്കുന്നത്.
ശബരിമല പാതകളുടെ ഓരങ്ങളില്‍ ടാറിങ്ങിനോടു ചേര്‍ന്നു വരെ കാട് വളര്‍ന്നിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ തീര്‍ഥാടനത്തിനു മുന്നോടിയായി കാട് തെളിക്കല്‍ നടന്നിരുന്നു. അതിനും സര്‍ക്കാര്‍ ഇത്തവണ തടയിട്ടു. ളാഹ സെക്ഷനില്‍പ്പെടുന്ന വടശേരിക്കര-ചിറ്റാര്‍ റോഡിന്റെ അറ്റകുറ്റപ്പണിക്കു മാത്രമാണ് 25 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്.
പൂര്‍ണമായി തകര്‍ന്നു കിടക്കുന്ന പൂവത്തുംമൂട്-പെരുനാട് റോഡിന്റെ പുനരുദ്ധാരണത്തിന് ഒരുരൂപ പോലും അനുവദിച്ചിട്ടില്ല. കണമല-ഇലവുങ്കല്‍ പാതയില്‍ രണ്ടിടങ്ങളില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നുവെങ്കിലും പണം അനുവദിച്ചിട്ടില്ല.