വെന്‍ഡിംഗ് മെഷീനുകളും തപാല്‍ വിതരണവും: ശബരിമലയിലെ അരവണ വിതരണ സംവിധാനത്തില്‍ ഡിജിറ്റല്‍ നവീകരണം വരുന്നു
ശബരിമല: തീര്‍ത്ഥാടന കാലയളവില്‍ അരവണ പ്രസാദം വിതരണം ചെയ്യുന്നതിനായി വെന്‍ഡിംഗ് മെഷീനുകള്‍ ഏര്‍പ്പെടുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. സന്നിധാനത്ത് തിരക്ക് വര്‍ധിക്കുകയോ അരവണയുടെ ലഭ്യതയില്‍ കുറവുണ്ടാകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ആവശ്യപ്പെടുന്ന ഭക്തരുടെ വീടുകളില്‍ തപാല്‍ വകുപ്പ് വഴി അരവണ എത്തിച്ചുനല്‍കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് തപാല്‍ വകുപ്പുമായി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. സന്നിധാനത്ത് നിലവിലുള്ള അരവണ കൗണ്ടറുകള്‍ക്ക് പുറമെ വെന്‍ഡിംഗ് മെഷീനുകളും സ്ഥാപിക്കും. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സഹകരണത്തോടെ അരവണ കൗണ്ടറുകള്‍ക്ക് സമീപം ആറ് മെഷീനുകളാണ് സജ്ജീകരിക്കുക. ഭക്തര്‍ക്ക് ക്യുആര്‍ (QR) കോഡ് സ്‌കാന്‍ ചെയ്തും പണമടച്ചും ഈ മെഷീനുകളില്‍ നിന്ന് അരവണ വാങ്ങാവുന്നതാണ്.
