മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞത് തിരിച്ചടി; ജേക്കബ് തോമസിനെ ഒതുക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി‍, വിശദീകരണം തേടും

 ഡിജിപി ജേക്കബ് തോമസ് ,  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി , ജേക്കബ് തോമസിന്റെ സ്ഥലം മാറ്റം
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (13:48 IST)
ഫയര്‍ഫോഴ്സ് ഡിജിപി ആയിരിക്കെ ജേക്കബ് തോമസിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെ സ്ഥലം മാറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനു പൊലീസ് കണ്‍സ്ട്രക്ഷര്‍ കോര്‍പ്പറേഷന്‍ എംഡി ജേക്കബ് തോമസിനോട് വിശദീകരണം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിസഭായോഗം വിലയിരുത്തി. സര്‍ക്കുലര്‍ വിവാദത്തെ കുറിച്ചായിരുന്നു ജേക്കബ് തോമസ് മാധ്യമങ്ങളോട് സംസാരിച്ചത്.

വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജേക്കബ് തോമസിനെതിരെ നടപടി എടുത്തതെന്നാണ് രേഖ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നല്കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖയിലാണ് ജേക്കബ്ബ് തോമസിനെതിരെ എഴുതി തയ്യാറാക്കിയ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്. കൃത്യമായ പരാതികള്‍ ഇല്ലാതെ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെ നടപടി പാടില്ലെന്ന് പൊലീസ് ചട്ടത്തില്‍ പ്രത്യേകം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇതെല്ലാം മറികടന്നാണ് ജേക്കബ് തോമസിനെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റിയത് വിവാദമായിരുന്നു. പൊതുജനം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനമല്ല ജേക്കബ് തോമസ് കാഴ്ച വെച്ചതെന്നും അദ്ദേഹത്തിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തല്‍സ്ഥാനത്തു നിന്നും നീക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


ഇതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെതിരെ ലഭിച്ച പരാതിയുടെ വിശദാംശം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനില്‍ അന്വേഷണം ലഭിച്ചത്. എന്നാല്‍, ജേക്കബ് തോമസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്ന് രേഖ വ്യക്തമാക്കുന്നു. പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലും വാക്കാല്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലുമാണ് നടപടി എടുത്തതെന്നും വിവരാവകാശ രേഖ പറയുന്നു.


അതേസമയം, സര്‍ക്കാരിന്റെ കീഴിലുള്ള മറ്റു പല വകുപ്പുകളിലും എഴുതിക്കൊടുത്ത പരാതികളില്‍ നടപടികള്‍ ഒന്നും ഉണ്ടാകാതിരിക്കുമ്പോഴാണ് വാക്കാല്‍ ലഭിച്ച പരാതിയില്‍ നടപടി എടുത്തിരിക്കുന്നത്. ചട്ടം ലംഘിച്ചു സംസ്ഥാനത്തു നിര്‍മ്മിച്ച ബഹുനില കെട്ടിടങ്ങള്‍ക്കെതിരേ നടപടി ആരംഭിച്ചതോടെയാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ ഫയര്‍ഫോഴ്സ് ഡിജിപി സ്ഥാനത്തു നിന്നും മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ച് ദീര്‍ഘകാല അവധിയില്‍ പോയ ജേക്കബ് തോമസ് കഴിഞ്ഞ ദിവസമാണ് പുതിയ ചുമതല ഏറ്റെടുക്കാന്‍ എത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :