എ കെ ജെ അയ്യർ|
Last Modified ഞായര്‍, 31 മാര്‍ച്ച് 2024 (14:42 IST)
മലപ്പുറം: തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.50 ലക്ഷം കവർന്ന കേസിൽ 5 പേർ പിടിയിലായി.
പൂക്കോട്ടൂർ അറവങ്കരയിലാണ് സംഭവം. സ്വർണ്ണം വാങ്ങാനെത്തിയ തമിഴ്‌നാട് മധുര കാമരാജശാല അഴകർ നഗറിലെ ബാലസുബ്രഹ്മണ്യൻ സൃഹുത്തുമൊത്ത് കഴിഞ്ഞ പതിനാറാം തീയതി എത്തിയപ്പോഴാണ് ഇയാളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തത്. ബാലസുബ്രഹ്മണ്യത്തിന്റെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷം നടത്തി പ്രതികളെ പിടികൂടിയത്.
കോഴിക്കോട് കക്കോടി സ്വദേശി അജ്മൽ, മക്കട സ്വദേശി മീത്തൽ ജിഷ്ണു, എലത്തൂർ സ്വദേശി ഷിജു എന്നിവരെയും പ്രതികളെ രക്ഷപ്പെടാൻ സഹായം നൽകിയ കണ്ണൂർ കേളകം സ്വദേശി ജിഷ്ണു, തൃശൂർ കോടാലി സ്വദേശി സുജിത്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബസ്സിൽ എത്തിയ ബാലസുബ്രഹ്മണ്യത്തെ രണ്ടു കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇയാൾ വരുന്ന വിവരം അജ്മലിന് ലഭിച്ചതോടെ ജിഷ്ണുവിനെ അറിയിച്ചു. പണം തട്ടിയെടുക്കാൻ ആസൂത്രണം ചെയ്യുകയും ചെയ്തു. ജിഷ്ണു ഷിജുവുമായി ചർച്ച ചെയ്ത ശേഷം കണ്ണൂരിലുള്ള നാലംഗ സംഘത്തെ പണം തട്ടിയെടുക്കാൻ ഏർപ്പാടാക്കുകയും ചെയ്തു. സംഭവ ദിവസം അജ്‌മൽ, ജിഷ്ണു എന്നിവർ ഒരു കാറിലും നാലംഗ കണ്ണൂർ സംഘം മറ്റൊരു കാറിലുമെത്തി. ടൂറിസ്റ്റ് ബസിൽ വന്നിറങ്ങിയ ബാലസുബ്രഹ്മണ്യത്തെ തട്ടിക്കൊണ്ടുപോയി പണം പിടിച്ചുപറിച്ച. ഇതിൽ നിന്ന് നാല് ലക്ഷം അജ്‌മൽ എടുത്തു. അജ്മലും ജിഷ്ണുവും കോഴിക്കോട്ടേക്കും കണ്ണൂർ സംഘം തലശേരിയിലേക്കും പോയി.
ഇൻസ്‌പെക്ടർ കെ.എം.ബിനീഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പൂക്കോട്ടൂരിലും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ആദ്യം കാറുകളുടെ വിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെ പിടികൂടി. പിന്നീടാണ് ആകെയുണ്ടായിരുന്ന ഒമ്പത് പ്രതികളിൽ അഞ്ചു പേരെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശികളായ ബാക്കി നാല് പ്രതികളെയും കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്.