'പിണറായിയെ കണ്ടപ്പോൾ ചിരിച്ചു, മുഖ്യമന്ത്രിയെ വിമർശിച്ചു'; കടലിൽ കാണാതായ ജോണിന്റെ മകൾക്കെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ്
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്നലെ ജോണിന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു
കടലിൽ കാണാതായ ജോണിന്റെ മകൾ ജിജിക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണവുമായി കോൺഗ്രസ്. മുഖ്യമന്ത്രി വി.ഡി.സതീശനെതിരെ ജിജി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതാണ് കോൺഗ്രസ് സൈബർ പോരാളികളെ ചൊടിപ്പിച്ചത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്നലെ ജോണിന്റെ വീട്ടിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. ജിജി ചിരിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്. ഈ ചിത്രത്തിനു താഴെയാണ് കോൺഗ്രസ് അനുയായികൾ അസഹിഷ്ണുതയോടെ സൈബർ ആക്രമണം നടത്തുന്നത്.
'നല്ല കമ്മിയാണ് എന്ന് ആ ചിരി കണ്ടാൽ അറിയാൻ സാധിക്കും.', 'അച്ഛൻ നഷ്ടപ്പെട്ട വേദനയൊന്നും ഈ കമ്മിണിക്ക് ഇല്ല', 'രാഷ്ട്രീയലക്ഷ്യം വെച്ചാണ് ഇവർ സംസാരിക്കുന്നത്' തുടങ്ങി അശ്ലീല പദപ്രയോഗങ്ങൾ വരെ കോൺഗ്രസുകാർ ഇവർക്കെതിരെ നടത്തുന്നുണ്ട്.
സർക്കാരിന്റെ ഭാഗത്തുനിന്ന് ജോണിനായുള്ള തെരച്ചിലിൽ അലംഭാവം ഉണ്ടായെന്നാണ് ജിജി ആരോപിച്ചത്. മാത്രമല്ല തീരദേശ മേഖലയിലുള്ള മനുഷ്യർക്കെതിരെ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പ്രസ്താവന ആ സമൂഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നും മാപ്പ് പറയണമെന്നും ജിജി ആവശ്യപ്പെട്ടിരുന്നു. ഫിഷറീസ് വകുപ്പ് നിഷ്‌ക്രിയമാണെന്നും പൗരൻമാരോടു സർക്കാരിനു ഉത്തരവാദിത്തമില്ലെന്നും ജിജി പറഞ്ഞിരുന്നു. ഇതെല്ലാമാണ് കോൺഗ്രസുകാരെ ചൊടിപ്പിച്ചത്.