വിവാഹത്തട്ടിപ്പു വീരന്‍ പോലീസിന്റെ വലയിലായി. വെള്ളാറ സ്വദേശി പയ്യന്നൂര്‍ മാതമംഗലം ആന്റണി ബിജുവെന്ന പൊറാട്ട ബിജുവിനെ മാനന്തവാടിയില്‍ വെച്ചാണ് നടക്കാവ് എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അനാഥനാണെന്നതുള്‍പ്പെടെ കാണിച്ച് പത്രങ്ങളില്‍ വിവാഹപരസ്യം നല്‍കിയാണ് ഇയാള്‍ വിവാഹം തട്ടിപ്പു നടത്തുന്നത്. വിവാഹശേഷം ഇവരുടെ പണവും സ്വര്‍ണവുമായി മുങ്ങുകയാണ് പതിവ്.
പത്രങ്ങളിലും, ചരമകോളത്തിലും അച്ചടിച്ചു വരുന്ന ആളുകളുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ സിം എടുത്താണ് തട്ടിപ്പ്. ഹോക്കി താരം ശ്രീജേഷിന്റെ ഫോട്ടോ ഉപയോഗിച്ച് പോലും ഇയാള്‍ സിം എടുത്ത് ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. വിവിധ ജില്ലകളിലായി നിരവധി സ്ത്രീകളെയാണ് ആന്റണി ബിജു വിവാഹം ചെയ്ത് പറ്റിച്ചിരിക്കുന്നത്.
2008ല്‍ അനാഥനാണെന്ന് കാണിച്ച് വിവാഹപരസ്യം നല്‍കി തട്ടിപ്പുനടത്തിയയാളെ പൊലീസ് പിടികൂടിയ വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നു. ഇതില്‍ പ്രചോദിതനായാണ് ആന്റണി ബിജു വിവാഹത്തട്ടിപ്പു തുടങ്ങിയത്. അഞ്ചുവര്‍ഷം മുമ്പുണ്ടായിരുന്ന കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷവും തട്ടിപ്പു തുടരുകയായിരുന്നു. ഇതിനിടെ കോഴിക്കോട്ടെ യുവതിയുടെ പരാതിയിലാണ് നടക്കാവ് പോലിസ് ഇയാളെ മാനന്തവാടിയിലെ വീട്ടില്‍ നിന്ന് പിടികൂടിയത്.