അഭിറാം മനോഹർ|
Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (17:23 IST)
കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം. സ്വകാര്യ ആശുപത്രികളിൽ കിടക്കകളും ഐസിയുവും നിറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെയും അവസ്ഥ സമാനമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നത്. രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ജില്ലാ ഭരണഗൂഡം നിയന്ത്രണങ്ങൾ കർശനമാക്കി.
കണ്ടെയ്ൻമെന്‍റ് സോണുകളിൽ ആൾക്കൂട്ടം അനുവദിക്കില്ല. ബീച്ച്, ഡാം തുടങ്ങിയ വിനോദസഞ്ചാര മേഖലകളില്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ പ്രവേശനം അനുവദിക്കൂ. ഇവിടങ്ങളിൽ ഒരേ സമയം ഇരുന്നൂറിൽ കൂടുതൽ ആളുകൾ എത്തുന്നത് നിയന്ത്രിക്കാനും നിർദേശമുണ്ട്.
പൊതുഗതാഗത സംവിധാനങ്ങളിൽ ആളുകളെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കില്ല. എന്നാൽ പത്താം ക്ലാസ് – പ്ലസ്ടു പരീക്ഷകൾ കണക്കിലെടുത്ത് വിദ്യാർത്ഥികളെ കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇന്നലെ 1271 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്.