രേണുക വേണു|
Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (10:33 IST)
അര്‍ധബോധാവസ്ഥയില്‍ പെണ്‍കുട്ടി നല്‍കുന്ന സമ്മതം ലൈംഗിക ബന്ധത്തിനുള്ള അനുമതിയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. കോളേജില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സീനിയര്‍ വിദ്യാര്‍ഥിക്ക് ജാമ്യം നിഷേധിച്ചത് ശരിവച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
അര്‍ധബോധാവസ്ഥയില്‍ പെണ്‍കുട്ടിയെ കോളേജിന്റെ മുകള്‍ നിലയിലെത്തി പീഡിപ്പിച്ചെന്നാണ് കേസ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയാണ് കോളേജില്‍ വെച്ച് പീഡനത്തിനു ഇരയായത്. ആണ്‍സുഹൃത്ത് നല്‍കിയ ലഹരി പാനീയം കുടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി അര്‍ധബോധാവസ്ഥയില്‍ ആകുകയും പിന്നീട് ലൈംഗിക ചൂഷണത്തിനു വിധേയയായി എന്നുമാണ് കേസ്. കേസിലെ പ്രതിയായ സീനിയര്‍ വിദ്യാര്‍ഥിക്ക് എറണാകുളത്തെ എസ്.സി / എസ്.ടി സ്‌പെഷല്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതു ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ വിധി.
2022 നവംബര്‍ 18 നു ലൈബ്രറിയിലേക്ക് തന്നെ വിളിച്ചുവരുത്തിയ പ്രതി സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തു. അയാള്‍ നല്‍കിയ കേക്കും വെള്ളവും കഴിച്ചതോടെ കാഴ്ച മങ്ങിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഭീഷണിപ്പെടുത്തി പിന്നീടും പലതവണ പീഡിപ്പിച്ചതായി ആരോപണമുണ്ട്. എന്നാല്‍, കോളേജ് പഠനകാലത്ത് തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും പിന്നീട് ബന്ധം വഷളായപ്പോള്‍ കള്ളക്കേസ് ചമച്ചതാണെന്നുമാണ് മുന്‍കൂര്‍ ജാമ്യത്തിനുള്ള അപ്പീലില്‍ വാദിച്ചത്.
പ്രതി നല്‍കിയ പാനീയം കുടിച്ച് പെണ്‍കുട്ടി അര്‍ധബോധാവസ്ഥയില്‍ ആയിരുന്നതിനാല്‍ ബോധപൂര്‍വ്വം അനുമതി നല്‍കിയതായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് കോടതിയുടെ നിലപാട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കീഴ്‌ക്കോടതി തീരുമാനത്തില്‍ തെറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.