രേണുക വേണു|
Last Modified ചൊവ്വ, 8 ഓഗസ്റ്റ് 2023 (08:54 IST)
മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി വിരുദ്ധ പ്രചാരണവുമായി തൃശൂര്‍ അതിരൂപത. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള പള്ളികളില്‍ കഴിഞ്ഞ ഞായറാഴ്ച വായിച്ച സര്‍ക്കുലര്‍ ബിജെപി വിരുദ്ധ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും വിവേകപൂര്‍വ്വം ജനങ്ങള്‍ വോട്ട് ചെയ്യണമെന്നുമാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.
നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണ് എന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുന്നതാണ് സര്‍ക്കുലര്‍. ബിജെപി തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നായാണ് തൃശൂരിലെ കാണുന്നത്. നടന്‍ സുരേഷ് ഗോപിയെ തൃശൂര്‍ മത്സരിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ക്രൈസ്തവ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായാല്‍ തൃശൂര്‍ പിടിക്കാമെന്ന് ബിജെപി ജില്ലാ നേതൃത്വം നേരത്തെ വിലയിരുത്തിയിരുന്നു.
ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന രീതിയിലേക്കാണ് തൃശൂരില്‍ കാര്യങ്ങള്‍ പോകുന്നത്. തൃശൂര്‍ രൂപത ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ അത് സുരേഷ് ഗോപിയുടെ സാധ്യതകള്‍ കുറയ്ക്കും. മണിപ്പൂരിലേത് കേവലം ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അല്ലെന്ന് പ്രചാരണം നടത്താനാണ് ബിജെപിയുടെ ഇപ്പോഴത്തെ തീരുമാനം.