എ കെ ജെ അയ്യര്‍|
Last Updated:
ചൊവ്വ, 4 മെയ് 2021 (10:58 IST)
പാലക്കാട്: തിരുവനന്തപുരത്ത് കോവിഡ് രോഗിയുടെ മൃതദേഹം മാറി നല്‍കി എന്ന സംഭവം വിവാദമായതിനിടെ ചിറ്റൂരില്‍ കഴിഞ്ഞ ദിവസം കോവിഡ് രോഗിയുടെ മൃതദേഹം മാറി സംസ്‌കരിച്ചു. കരുണ മെഡിക്കല്‍ കോളേജിലാണ് വിവാദമായ ഈ സംഭവം നടന്നത്.
മങ്കര പൂളോടി പൊന്നയ്യത്ത് രവി (59) യുടെ മൃതദേഹമാണ് ചികിത്സയില്‍ ഇരിക്കെ മരിച്ച കണ്ണമ്പ്ര പന്നിയങ്കര ശിവാനന്ദന്റെ (77) കുടുംബാംഗങ്ങള്‍ക്ക് മാറി നല്‍കിയത്. തുടര്‍ന്ന് ബന്ധുക്കള്‍ തിരുവില്വാമലയില്‍ ഐവര്‍ മഠത്തില്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
ഉച്ചയോടെ രവിയുടെ ബന്ധുക്കള്‍ എത്തി മൃതദേഹം വാങ്ങാന്‍ എത്തിയപ്പോഴാണ് മൃതദേഹം മാറി നല്‍കിയ പിഴവ് അറിഞ്ഞത്. ബന്ധുക്കള്‍ മീനാക്ഷിപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഞ്ചിക്കോട് കിന്‍ഫ്രയിലുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന രവിയെ അഞ്ചു ദിവസം മുമ്പാണ് കരുണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ചികിത്സാ ചിലവുകള്‍ നല്‍കാന്‍ വൈകിയതോടെ മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല.
ഇതിനിടെയാണ് ശിവാനന്ദന്റെ ബന്ധുക്കള്‍ എത്തിയത്. പിന്നീട് രവിയുടെ ബന്ധുക്കള്‍ എത്തി ചികിത്സാ ചിലവ് തീര്‍ത്തു മൃതദേഹം ആവശ്യപ്പെട്ടപ്പോഴാണ് പിഴവ് അറിഞ്ഞത്. അപ്പോഴേക്കും രവിയുടെ മൃതദേഹം ദഹിപ്പിച്ചിരുന്നു. പിന്നീട് ശിവാനന്ദന്റെ ബന്ധുക്കള്‍ എത്തി ആ മൃതദേഹവും ഏറ്റുവാങ്ങി ദഹിപ്പിച്ചു. മീനാക്ഷിപുരം പോലീസ് കേസെടുത്തിട്ടുണ്ട്.