ഇന്നുമുതല്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളിലെ സമാനമായ നിയന്ത്രണങ്ങള്‍

ശ്രീനു എസ്| Last Updated: ചൊവ്വ, 4 മെയ് 2021 (08:34 IST)
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നാളെ മുതല്‍ ഉണ്ടാകുക. നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്രചെയ്യാം. കൊറിയര്‍ സര്‍വീസ് ഹോം ഡെലിവറി വിഭാഗത്തില്‍പ്പെട്ടതായതിനാല്‍ അവയ്ക്ക് ഇളവുണ്ട്. കൊറിയര്‍ സര്‍വീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഗരത്തിലോ പരിസരത്തോ ഉള്ള ഗോഡൗണിലേയ്ക്ക് പോകുന്നതിനും വരുന്നതിനും നിയന്ത്രണമില്ല. കൊറിയര്‍ വിതരണത്തിന് തടസ്സമില്ല. എന്നാല്‍ അത്തരം സ്ഥാപനങ്ങളില്‍ നേരിട്ട് ചെന്ന് സാധനങ്ങള്‍ കൈപ്പറ്റാന്‍ പൊതുജനങ്ങളെ അനുവദിക്കില്ല. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡിലും ഒരു വനിതാ പോലീസ് ഓഫീസറെ വീതം നിയോഗിക്കും. വനിതാ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍, വനിതാ സ്വയം പ്രതിരോധ സംഘം എന്നിവിടങ്ങളിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഇതിനായി നിയോഗിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :