രേണുക വേണു|
Last Modified ബുധന്‍, 10 ഡിസംബര്‍ 2025 (11:23 IST)
Chithrapriya Murder: മലയാറ്റൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. ചിത്രപ്രിയയെ താന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചുവെന്നാണ് വിവരം. കുറ്റകൃത്യം ചെയ്തത് മദ്യലഹരിയില്‍ ആണെന്നാണ് അലന്‍ പൊലീസിനോടു പറഞ്ഞത്. ചിത്രപ്രിയയുമായി വഴക്കുണ്ടായുപ്പോള്‍ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അലന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയയെ (19) വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കു പിന്നില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയതോടെയാണ് കൊലപാതകമായിരിക്കുമെന്ന സംശയം ജനിച്ചത്. പ്രാഥമിക പരിശോധനയിലാണ് പെണ്‍കുട്ടിയുടെ തലയ്ക്കു പിന്നിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്തായ അലനെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു.
ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ചിത്രപ്രിയ. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടി കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയതാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. അടുത്തുള്ള കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കാണാതായതിന്റെ പിറ്റേദിവസം പെണ്‍കുട്ടി അലന്‍ അടക്കമുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഈ കല്ലുകളില്‍ രക്തവും പുരണ്ടിരുന്നു. ഇതോടെ വെട്ടുകല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ച് കൊലപാതകം നടത്തിയതാകാം എന്ന നിഗമനത്തില്‍ലേക്ക് പൊലീസ് എത്തിയത്.