Kochi|
രേണുക വേണു|
Last Modified ബുധന്‍, 10 ഡിസംബര്‍ 2025 (08:04 IST)
മലയാറ്റൂരില്‍ രണ്ട് ദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19) യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ തലയ്ക്കു പിന്നില്‍ ആഴത്തിലുള്ള മുറിവുള്ളതിനാല്‍ കൊലപാതകമെന്ന് സംശയം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമാവൂ.
പ്രാഥമിക പരിശോധനയിലാണ് പെണ്‍കുട്ടിയുടെ തലയ്ക്കു പിന്നിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ഇന്നും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയാണ് ചിത്രപ്രിയ. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടി കഴിഞ്ഞയാഴ്ച ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയതാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. അടുത്തുള്ള കടയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്. കാണാതായതിന്റെ പിറ്റേദിവസം പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.