തിരുവനന്തപുരം|
Last Updated:
വെള്ളി, 23 മെയ് 2014 (17:18 IST)
സഹകരണ മേഖലയില്‍ അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് കാന്‍സര്‍ കെയര്‍ സെന്റര്‍ സ്ഥാപിക്കുമെന്നും തിരുവനന്തപുരത്ത് അത്യാധുനിക സജ്ജീകരണങ്ങളോടെ ഫ്‌ളാറ്റ് സമുച്ചയം നിര്‍മ്മിക്കുമെന്നും. പ്രവാസികള്‍ക്ക് പ്രതിവര്‍ഷം നൂറ് ചെറുകിട വ്യവസായ പദ്ധതികള്‍ വീതം തുടങ്ങാന്‍ ധനസഹായം നല്‍കുമെന്നും സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു. മിഷന്‍ 676 പദ്ധതിയില്‍ സഹകരണ മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് പി.ആര്‍. ചേമ്പറില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഇടുക്കി ജില്ലയില്‍ ഐ.സി.ഡി.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കാര്‍ഡമം ഡ്രയിംഗ് യൂണിറ്റുകള്‍, 20 ഫാര്‍മേഴ്‌സ് സര്‍വീസ് സെന്ററുകള്‍, ഒന്‍പത് മണ്ണു പരിശോധനാ ശാലകള്‍, മൂന്ന് ടിഷ്യുകള്‍ച്ചര്‍ ലാബുകള്‍ എന്നിവ ആരംഭിക്കും. ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ പച്ചക്കറി സംഭരിച്ചു സൂക്ഷിക്കുന്നതിനും കര്‍ഷകന് ന്യായവില ഉറപ്പാക്കുന്നതിനുമായി ഓരോ ഗോഡൗണ്‍/കാലാവസ്ഥ നിയന്ത്രിത സ്റ്റോറേജ് കേന്ദ്രം ആരംഭിക്കും.
കെ.ജി.റ്റി.ഇ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകാരമുള്ള വിവിധ കോഴ്‌സുകളിലേക്ക് പട്ടികജാതി/വര്‍ഗ യുവതലമുറയ്ക്ക് പരിശീലനം നല്‍കുന്നതിന് സ്ഥാപനങ്ങള്‍ ആരംഭിക്കും, പട്ടികജാതി/വര്‍ഗ സംഘങ്ങള്‍ക്ക് ധനസഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. മുട്ടത്തറ കോ-ഓപ്പറേറ്റീവ് എഞ്ചിനീയറിങ് കോളേജിന്റെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കും. വടക്കാഞ്ചേരി എഞ്ചിനീയറിങ് കോളേജിന്റെ നിര്‍മ്മാണവും ആരംഭിക്കും. കേപ്പ് എഞ്ചിനീയറിങ് കോളേജുകളില്‍ എം.ടെക് കോഴ്‌സുകള്‍ ഇല്ലാത്തിടത്ത് അവ തുടങ്ങും. ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസിയില്‍ ബി.ഫാം കോഴ്‌സ് കൂടി ആരംഭിക്കും.
ഭവനങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് പലിശരഹിത വായ്പ നല്‍കും. പ്രതിവര്‍ഷം കുറഞ്ഞത് അഞ്ഞൂറ് ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കും. സഹകരണ വായ്പാമേഖലയില്‍ മൂലധനപര്യാപ്തത കൈവരിക്കുന്നതിനായി ഒരു പ്രത്യേക ഫണ്ട് രൂപീകരിക്കും. പുതിയ അംഗങ്ങള്‍ക്ക് സഹകരണ നിയമങ്ങള്‍ സംബന്ധിച്ച് ഓരോ താലൂക്ക് കേന്ദ്രീകരിച്ചും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. സഹകരണ സംഘങ്ങളിലൂടെ മഴവെള്ള സംഭരണ പദ്ധതി നടപ്പാക്കുമെന്നും മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.