പിടിക്കപ്പെട്ടപ്പോൾ യു-ടേൺ; സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ
VD Satheesan and BRM Shafeer
ചട്ടങ്ങൾ പാലിക്കാതെയുള്ള നിയമനം വിവാദമായതോടെ സീമാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവെച്ച് കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി. വേണ്ടത്ര യോഗ്യതയില്ലാതെയാണ് നിയമനം നടത്തിയതെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. നിയമനം വിവാദമായതോടെ ഗത്യന്തരമില്ലാതെയാണ് ഇപ്പോഴത്തെ യു-ടേൺ.
പി.എച്ച്.ഡി ഇല്ല
സീമാറ്റിൽ റിസർച്ച് ഓഫീസർ തസ്തികയ്ക്ക് വേണ്ട യോഗ്യത പി.എച്ച്.ഡിയാണ്. എന്നാൽ ആർ.എസ് ഷാനി നിലവിൽ പി.എച്ച്.ഡി സ്‌കോളർ മാത്രമാണ്. ഡിസംബറിൽ പ്രബന്ധം അവതരിപ്പിക്കുമെന്നായിരുന്നു സീമാറ്റ് വ്യക്തമാക്കിയത്. വേണ്ടത്ര യോഗ്യതയുളളതുകൊണ്ടാണ് ഇവരുടെ നിയമനമെന്നായിരുന്നു സീമാറ്റ് ഡയറക്ടർ ആർ.അരുൺകുമാറിന്റെ വാദം. ഇത് പൊളിഞ്ഞതോടെ രാജിവയ്ക്കാൻ നിർബന്ധിതയായി.
നിയമനം തോന്നിയ പോലെ
യുഡിഎഫ് സർക്കാർ വന്നതിന് ശേഷം 12 പേരെയാണ് അപേക്ഷ ക്ഷണിക്കാതെ സീമാറ്റിൽ നിയമിച്ചതെന്ന് വാർത്ത വന്നിരുന്നു. ബയോഡേറ്റ ചോദിച്ചു വാങ്ങി നിയമനം നടത്തുകയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. റിസർച്ച് ഓഫീസർ പദവിയിൽ മാത്രം അഞ്ച് പേർക്ക് നിയമനം ലഭിച്ചു. അസിസ്റ്റന്റ് പദവിയിൽ നാല് പേരെയാണ് നിയമിച്ചത്. അറ്റൻഡർ തസ്തികയിൽ മൂന്ന് പേരെ നിയമിച്ചതായും കണ്ടെത്തിയിരുന്നു.
സതീശൻ ഗ്രൂപ്പ് നേതാവിന് സ്‌നേഹപൂർവ്വം
മുഖ്യമന്ത്രി വി.ഡി.സതീശന്റെ ഗ്രൂപ്പിലെ പ്രധാന നേതാവാണ് ബിആർഎം ഷഫീർ. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ മാത്രം വാങ്ങി കോൺഗ്രസ് നേതാവിന്റെ ഭാര്യക്ക് ജോലി നൽകിയത് വലിയ സ്വജനപക്ഷപാതമാണ്. കരാർ അടിസ്ഥാനത്തിലുള്ള ജോലിക്ക് 40,000 രൂപയാണ് ശമ്പളം ലഭിക്കുക. ഒഴിവ് വന്ന സമയത്ത് ബയോഡേറ്റ ലഭിച്ചപ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചതാണെന്നാണ് സീമാറ്റ് അധികൃതരുടെ വിശദീകരണം. മുഖ്യമന്ത്രി വി.ഡി.സതീശനെ പിന്തുണയ്ക്കുന്ന അപൂർവ്വം കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് ബിആർഎം ഷെഫീർ. മുഖ്യമന്ത്രി നിർദേശിച്ച ആർ അരുൺകുമാറാണ് സീമാറ്റ് കേരള ഡയറക്ടർ. കെപിസിസി സെക്രട്ടറി കൂടിയാണ് ബിആർഎം ഷെഫീർ. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള നിയമനങ്ങളിൽ യുഡിഎഫ് സർക്കാരിനെതിരെ ഒന്നിലേറെ ആരോപണങ്ങൾ ഇപ്പോഴേ ഉയർന്നിട്ടുണ്ട്. Also Read: 'ഡ്രൈവ് ചെയ്തത് 150 കി.മീ വേഗതയിൽ, എന്ത് വേണമെങ്കിലും ചെയ്യാം'; മൂന്ന് പേരെ കൊന്നിട്ടും കൂസലില്ലാതെ സുഹൈൽ
